കോഴിക്കോട് : രാത്രി പെയ്ത മഴയില്‍ വെള്ളത്തിന് ചുവപ്പ് നിറം. കുന്ദമംഗലം പെരിങ്ങളം റോഡില്‍ പൂമുള്ളകുഴിയില്‍ മാലാത്ത് മീത്തല്‍ ഷമീറിന്റെ വീട്ടില്‍ ബക്കറ്റില്‍ ശേഖരിച്ച വെള്ളത്തിനാണ് ചുവപ്പ് നിറം കണ്ടത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിക്ക് പെയ്ത മഴയില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ വെള്ളം ശേഖരിച്ചപ്പോഴാണ് ബക്കറ്റില്‍ ചുവപ്പ് നിറം കണ്ടെത്തിയത്. ടെറസിന് മുകളില്‍ നിന്ന് കളര്‍ ഇളകി വല്ലതും വന്നതാണെന്ന് കരുതി മുറ്റത്ത് നിന്ന് മഴവെള്ളം നേരിട്ട് ശേഖരിച്ച് പരിശോധന നടത്തിയപ്പോഴും ചുവപ്പ് നിറമുള്ള വെള്ളം തന്നെയാണ് ലഭിച്ചത്. എന്നാല്‍ സമീപത്തെ വീട്ടില്‍ നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചപ്പോള്‍ ചുവപ്പ് നിറം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ശേഖരിച്ച ചുവപ്പ് വെള്ളം സി.ഡബ്ലിയു.ആര്‍.ഡി .എമ്മില്‍ പരിശോധനക്കായി നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് റെഡ് മഴ എന്നൊരു പ്രതിഭാസം ഉണ്ടായിരുന്നതായി സി.ഡബ്ലിയു.ആര്‍.ഡിഎമ്മിലെ ശാസ്ത്രജ്ഞന്‍ മാധവന്‍ കോമത്ത് പറഞ്ഞു. ഇത് ഇത്തരത്തിലുള്ളതാണോയെന്ന് പരിശോധനക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച കഴിഞ്ഞാല്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കും.