പത്തനംതിട്ട : കാര്‍ഷിക മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കുതിച്ചു ചാട്ടത്തിനൊപ്പം തന്റെ പരീക്ഷണങ്ങളെയും ചേര്‍ത്തു പിടിച്ചതിന്റെ സന്തോഷത്തിലാണ് റാന്നി അങ്ങാടി സ്വദേശി റെജി ജോസഫ്. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിലാണു റെജി ജോസഫ് മന്ത്രിമാരെ കാണാനും സംവദിക്കാനുമെത്തിയത്.
തനിക്ക് കിട്ടിയ റെക്കോഡ് നേട്ടത്തിനൊപ്പം കാര്‍ഷിക മേഖലയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ റെജി ജോസഫ് കൃഷിമന്ത്രി പി പ്രസാദിനോട് പങ്ക് വെച്ചു. 2013 ല്‍ ഉയരം കൂടിയ ചേമ്പിനും 2014 ല്‍ ഉയരം കൂടിയ വെണ്ടക്കയ്ക്കും ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും അഞ്ച് കിലോതൂക്കം വരുന്ന കിഴങ്ങും ഒരു മൂട്ടില്‍ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പില്‍ ഉല്‍പ്പാദിപ്പിച്ചതിന് യുആര്‍എഫ് വേള്‍ഡ് റെക്കോഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു. 114 സെന്റിമീറ്റര്‍ നീളവും 94 സെന്റീമീറ്റര്‍ വീതിയുമുള്ള ചേമ്പിന്റെ ഇല സ്വന്തമായി ഉല്‍പ്പാദിപ്പിച്ചതിന് ലാര്‍ജെസ്റ്റ് ടാരോ ലീഫ് കാറ്റഗറിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പത്തനംതിട്ട ജില്ലയിലെ റാന്നി കടക്കേത്ത് വീട്ടില്‍ റെജി ജോസഫിനു സ്വന്തമാണ്. അഞ്ചുവര്‍ഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫ് ഗിന്നസ് റെക്കോഡ് നേട്ടത്തിലെത്തിയത്. തന്റെ കാര്‍ഷിക പരീക്ഷണങ്ങളും ജൈവ കൃഷി രീതികളും ഇനിയും തുടരുമെന്നു മന്ത്രിക്കു വാക്കു നല്‍കിയാണ് റെജി മടങ്ങിയത്.