കൊല്ലം : അച്ചൻകോവിൽ വനത്തിലകപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തി. പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊല്ലം അച്ചൻകോവിൽ വനത്തിൽ ട്രക്കിങ്ങിനിടെയാണ് വിദ്യാർഥികളും അധ്യാപകരും വഴിതെറ്റി കുടുങ്ങിയത്. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. പെട്ടെന്ന് തിരികെയെത്തിക്കാൻ സാധിക്കും. നേച്ചർ ക്ലബിൻ്റെ ഭാഗമായാണ് പോയത്. പക്ഷേ, മഴ പെയ്ത് വനത്തിലകപ്പെടുകയായിരുന്നു. കുറച്ചധികം ദൂരം പോയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ തിരികെ ഇറങ്ങാൻ സാധിച്ചില്ല. അവിടെ മൊബൈൽ നെറ്റ്‌വർക്കൊന്നും ഇല്ലാത്ത സ്ഥലമാണ്. പക്ഷേ, ഇപ്പോൾ അവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
30 സ്കൗട്ട് വിദ്യാർഥികളും 3 അധ്യാപകരുമാണ് വനത്തിൽ കുടുങ്ങിയത്. മൂന്നു ദിവസത്തെ അഡ്വഞ്ചർ ട്രിപ്പിനും ക്യാമ്പിങ്ങിനും വേണ്ടിയാണ് ഇവർ വനത്തിൽ എത്തിയത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു സ്കൂളിലെ വിദ്യാർഥികളാണ് ഉൾവനത്തിൽ കുടുങ്ങിയത്. വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ഇവർക്ക് ലഭിച്ചിരുന്നില്ല. ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉൾവനത്തിലേക്ക് പോയത്. ട്രക്കിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉൾവനത്തിൽ നാലു കിലോമീറ്ററിനുള്ളിൽവെച്ചാണ് ഇവരെ കണ്ടെത്തിയത്. കുട്ടികൾ അവശരായ നിലയിലാണ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും റെയ്ഞ്ച് ഇല്ലാത്തതിനാൽ മറ്റാരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. പുറത്തേക്കെത്താൻ വിദ്യാർത്ഥികൾ ശ്രമം നടത്തിയിരുന്നെങ്കിലും വഴിയിൽ ആനയെ കണ്ടതിനാൽ ഭയപ്പെട്ട് ഒരു പാറ പുറത്ത് അഭയം തേടുകയായിരുന്നു. കണ്ടെത്തിയ വിദ്യാർഥികളെ പുറത്തേക്കെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.