ഏതു കാറിനെയും മിനിറ്റുകൾക്കുള്ളിൽ സ്മാർട് വാഹനമാക്കി മാറ്റാവുന്ന ഉപകരണവുമായി ജിയോ. ജിയോമോട്ടീവ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം വാഹനത്തിന്റെ ഒബിഡിയുമായി (ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്) ഘടിപ്പിച്ചാൽ കാർ സ്മാർട്ടായി. വാഹന സുരക്ഷ വർധിപ്പിക്കുന്നതിനും ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്താനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന വിപുലമായ സവിശേഷതകളോടെയാണ് ഈ നൂതന ഉൽപന്നം വിപണിയിൽ എത്തിയത്. ഭൂരിഭാഗം പുതുതലമുറ വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന ജിയോമോട്ടീവ് സ്റ്റീയറിങ്ങിനു താഴെയുള്ള ഒബിഡി പോർട്ടിൽ ഘടിപ്പിക്കാം. ഫോൺ നെറ്റ്‌വർക്കുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്ന ജിയോമോട്ടീവിൽ തൽസമയ 4ജി ജിയോ ട്രാക്കിങ് ഉണ്ട്. വാഹനം എവിടെയാണെന്നും എവിടേക്ക് നീങ്ങുന്നുവെന്നും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ തുടർച്ചയായി സ്മാർട്ഫോണിലേക്കും ബന്ധപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളിലേക്കും ലഭിക്കും.
ബാറ്ററിയുടെ അവസ്ഥ, എൻജിന്റെ പ്രവർത്തനം തുടങ്ങി വാഹനത്തിന്റെ പ്രവർത്തനവും പെർഫോമൻസും നിരീക്ഷിച്ച് ആവശ്യമായ ഡേറ്റയും ഉപകരണം നൽകും. കൂടാതെ ഡ്രൈവിങ് പെർഫോമൻസ് അനാലിസിലൂടെ ഡ്രൈവിങ് ഹാബിറ്റും അറിയാൻ സാധിക്കും. മോഷണമോ അപകടമോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉടമയ്ക്ക് അലർട്ട് ലഭിക്കും. ആന്റി തെഫ്റ്റ് – ആക്സിഡന്റ് സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള ക്രമീകരണവും ഉപകരണത്തിലുണ്ട്. മാത്രമല്ല വാഹനത്തിലെ കണക്ടിവിറ്റിക്ക് കൂടുതൽ മികവ് ലഭിക്കാൻ ബിൽറ്റ് ഇൻ വൈഫൈ സന്നാഹവും ഇതിലുണ്ട്.