പത്തനംതിട്ട: ഓപ്പറേഷൻ സിഎംഡിആർഎഫിന്റെ ഭാഗമായി പത്തനംതിട്ടയിൽ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകളും വിജിലൻസ് പരിശോധിക്കും. കൂടലിലും ഏനാദിമംഗലത്തും ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയിൽ അക്ഷയ കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചില അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷകരെ കൂട്ടത്തോടെ എത്തിച്ചെന്നും വിജിലൻസിന് സംശയമുണ്ട്.
കോന്നി താലൂക്കിലെ കൂടൽ വില്ലേജിലും അടൂർ താലൂക്കിലെ ഏനാദിമംഗലം വില്ലേജിലുമാണ് ഒരേ ഫോൺ നന്പറുകൾ തന്നെ പല അപേക്ഷകളിൽ കണ്ടെത്തിയത്. 2018 മുതലുള്ള അപേക്ഷകളിൽ കൂടലിൽ 268 എണ്ണത്തിലും ഏനാദിമംഗലത്ത് 61 എണ്ണത്തിലും ഉപയോഗിച്ചിരിക്കുന്നത് അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ ഫോൺ നമ്പറയിരുന്നു .ഇത്രയധികം അപേക്ഷകളിൽ ഒരേ നമ്പര്‍ തന്നെ ഉപയോഗിച്ചിരിക്കുന്നതാണ് വിജിലൻസിനെ സംശയത്തലാക്കുന്നത്. അപേക്ഷയുമായെത്തുന്ന പ്രായമായ ആളുകൾക്ക് അടക്കം ഓടിപി നമ്പര്‍ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സൗകര്യത്തിനാണ് അക്ഷയ കേന്ദ്രത്തിലെ നമ്പറുകള്‍ ഉപയോഗിച്ചതെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം. എന്നാൽ വിജിലൻസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ഒരു നമ്പര്‍ തന്നെ ഉപയോഗിച്ച അപേക്ഷകളിൽ ധനസഹായം കിട്ടിയവരെ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അനധികൃതമായി ഒന്നും നടന്നതായി കണ്ടെത്തിയിട്ടില്ല. അതേസമയം കൂട്ടത്തോടെ ഒരു അക്ഷയ കേന്ദ്രത്തിൽ നിന്ന് തന്നെ അപേക്ഷകൾ സമർപ്പിച്ചതിൽ എന്തെങ്കിലും കമ്മീഷൻ ഇടപാടുകളോ തിരിമറികളോ നടന്നിട്ടുണ്ടോ എന്നാണ് കണ്ടെത്തേണ്ടത്. ഏതെങ്കിലും ഇടനിലക്കാർ ഉണ്ടോയെന്നും പരിശോധിക്കും. ഒരേ നമ്പറുകളില്‍ തന്നെ രജിസ്റ്റർ ചെയ്ത അപേക്ഷകൾ കണ്ടിട്ടും പരിശോധിക്കാതിരുന്ന വില്ലേജ് ഓഫീസ് ജീവനക്കാരും അന്വേഷണത്തിന്റെ പരിധിയിൽ വരും.