ബംഗളൂരു: ആന്റി വൈറല്‍ മരുന്നായ റെംഡിസീവര്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ 16 പേര്‍ അറസ്റ്റില്‍. ഇവരില്‍ രണ്ട് പേര്‍ മരുന്ന് വിതരണക്കാരാണ്. ബംഗളൂരുവിലാണ് സംഭവം.
ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് റെംഡിസീവര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവരെ പിടികൂടിയത്. ഇന്ന് നടത്തിയ പരിശോധനയില്‍ 55 റെംഡിസീവിര്‍ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്. പതിനൊന്നായിരം രൂപയ്ക്കാണ് ഇവര്‍ മരുന്നുകള്‍ മറിച്ചുവിറ്റിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ദിവസം റെംഡിസീവര്‍ ഉള്‍പ്പടെ കോവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിസിബി നടപടികള്‍ ശക്തമാക്കിയത്.