കൊച്ചി : സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രിയത്തിനതീതമായി നിലനിര്‍ത്താനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ടീയ അതിപ്രസരം സഹകരണ മേഖലയ തകർക്കുമെന്നും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനത്തെ സംരക്ഷിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സഹകരണ മേഖലയുടെ ഫണ്ട് വഴി തിരിച്ചുവിടാനുള്ള തന്ത്രത്തിൽ നിന്ന് പിണറായി സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബാങ്ക് രൂപീകരണവും അർബൻ ബാങ്ക് നിയന്ത്രണവും റിസര്‍വ് ബാങ്കിന് സഹകരണ മേഖലയിൽ പിടിമുറുക്കാനുള്ള വഴിമരുന്നിടുകയാണ് ചെയ്തിട്ടുള്ളത്. സഹകരണ പ്രസ്ഥാനത്തിന്റെ ആശയം ഉൾക്കൊണ്ട് സാധാരണകാരുടെ അത്താണിയായ ഈ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വെബിനാറിൽ മുൻ ആസൂത്രണ ബോർഡ് മെമ്പർ സി.പി ജോൺ മുഖ്യ പ്രഭാഷണം നടത്തി. സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അതിനുവേണ്ട സാമ്പത്തിക സാഹചര്യങ്ങളും പ്രത്യേക പാക്കേജുകളും ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അര നൂറ്റാണ്ടായി ഗ്രാമീണ മേഖലയിലെ അവിഭാജ്യ ഘടകമായ സർവ്വിസ് ബാങ്കുകളുടെ ബാങ്ക് എന്ന നാമധേയം ഒഴിവാക്കുന്നത് ഈ കോവിഡിന്റെ മറവിൽ സഹകരണ മേഖലയെ കൈപ്പിടിയിലൊതാക്കാനുള്ള ഗൂഡതന്ത്രമാണെന്നും അതിന് റിസര്‍വ് ബാങ്കുമായി ചേർന്ന് കേരള ഗവ. ഗുഡാലോചന നടത്തിയെന്നും അദ്ദേഹം അരോപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25000 ത്തിലധികം ജീവനകാരും സഹകാരികളും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ സംസ്ഥാന ട്രഷറർ പി.കെ ജയകൃഷ്ണൻ സ്വാഗതവും ജനറൽ സെക്രട്ടറി രാജേഷ് കുമാർ മോഡറേറ്ററുമായിരുന്നു. പ്രമുഖ സഹകാരിയും കെ.പി സി.സി ജനറൽ സെക്രട്ടറിയുമായ എൻ. സുബ്രമണ്യൻ , മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ , സഹകരണ ജനാധിപത്യ വേദി കൺവീനർ കെ പി ബേബി , കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജേഷ് കുമാർ, മുരളീധരൻ പിള്ള, സംസ്ഥാന സെക്രട്ടറി പ്രിയേഷ് സി പി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജിറ്റ്സി ജോർജ് നന്ദി പറഞ്ഞു .