തൃക്കരിപ്പൂര്‍: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റി വ്യവസായ മേഖലയാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പിലാക്കുമെന്നും തീരപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരളയാത്രക്ക് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സ്വര്‍ണക്കടത്തും അധോലോക പ്രവര്‍ത്തനവും നടത്തുന്ന പിണറായി സര്‍ക്കാരിന്റെ ഭരണത്തിനെതിരെ ജനം ആഞ്ഞടിക്കും. കാസര്‍കോട് മെഡിക്കല്‍ കോളജിനെ അവഗണിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖം തിരിക്കുകയും കൊലപാതക രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്റെ ദുര്‍ഭരണത്തിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ ജനം മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം ലക്ഷ്യമാക്കി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന യാത്രയ്ക്ക് തൃക്കരിപ്പൂരില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ കെ.ശ്രീധരന്‍ മാസ്റ്റര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, സി എം പി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രടറി ജി ദേവരാജന്‍, ജാഥാ കോര്‍ഡിനേറ്റര്‍ വി.ഡി സതീശന്‍, ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍, എം എം ഹസന്‍, അനൂപ് ജേക്കബ്, അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, കെ പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, എ ജി സി ബശീര്‍, വി കെ ബാവ, സത്താര്‍ വടക്കുമ്പാട്, പി വി അസ്ലം, പി കെ ഫൈസല്‍, കരീം ചന്തേര തുടങ്ങിയവര്‍ സംബന്ധിച്ചു. യു ഡി എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ എം ടി പി കരീം സ്വാഗതവും പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.