ആലത്തൂര്‍: രമ്യ ഹരിദാസ് എംപിയെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതായി പരാതി. ഇന്നലെ രാത്രി കിഴക്കഞ്ചേരി കൊഴുക്കുള്ളി ക്ഷേത്രത്തില്‍ ആലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പാളയം പ്രദീപിനൊപ്പം വിളക്കുപൂജയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. അമ്പലത്തില്‍ കയറുന്നതില്‍ നിന്നും തടഞ്ഞ സിപിഎം പ്രാദേശിക നേതാവും സംഘവും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ആയിരുന്നു എന്ന് രമ്യ ഹരിദാസ് പരാതിയില്‍ പറയുന്നു.
അമ്പലത്തില്‍ കയറുന്നതു തടയുകയും അപമാനിക്കുകയും ചെയ്തപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് സംരക്ഷണത്തില്‍ പൂജയില്‍ പങ്കെടുത്ത ശേഷമാണു മടങ്ങിയതെന്നു രമ്യ പറഞ്ഞു. ഡിജിപിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.