കൊളംബോ: ശ്രീലങ്കയില്‍ ആക്ടിങ് പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഈ നീക്കം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നത് തീരുമാനിക്കാൻ നാളെ പാർലമെൻറ് സമ്മേളനം ചേരും. എസ് ജെ ബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വെച്ചേക്കും.
സ്പീക്കർ ആക്ടിങ് പ്രസിഡൻറാകണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ഗോ ഹോം റെനിൽ എന്ന് പുതിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം. റെനിൽ രാജിവയ്ക്കാതെ പ്രസിഡൻറ് ഓഫീസ് ഒഴിയില്ലെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. പ്രസിഡൻറ് ഓഫീസിനകത്ത് വീണ്ടും പ്രക്ഷോഭകർ പ്രവേശിച്ചിട്ടുണ്ട്. ഗോതബയ രജപക്‌സെയുടെ രാജി സ്പീക്കർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റിനായുള്ള ചർച്ചകൾക്കും വേഗം കൂടുകയാണ്. ഈ മാസം 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. അതുവരെ പ്രധാനമന്ത്രി റെനിൽ വിക്രമസിഗെ പ്രസിഡന്റ് പദവിയിൽ തുടരും.