ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട റെനോ ഡസ്റ്റര്‍ ഈ വര്‍ഷം മാസ് റീഎന്‍ട്രി നടത്താന്‍ പോകുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്നേ പുതിയ ഡസ്റ്റര്‍ റെനോ ആഗോള തലത്തില്‍ അവതരിപ്പിച്ചിരുന്നു. പുത്തന്‍ ഡസ്റ്റര്‍ തീര്‍ത്ത ഓളം അവസാനിക്കും മുമ്പ് അതിന്റെ മൂന്നുവരി പതിപ്പായ റെനോ ബിഗ്‌സ്റ്റര്‍ എസ്‌യുവിയെ കുറിച്ചുള്ള പുത്തന്‍ അപ്‌ഡേറ്റുകള്‍ എത്തി. 2021-ലെ ഒരു കണ്‍സെപ്റ്റ് രൂപത്തിലാണ് റെനോ ബിഗ്സ്റ്റര്‍ മൂന്നു-വരി എസ്‌യുവി മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. റെനോയുടെ മോഡല്‍ നിരയിലെ ‘ബിഗ് സ്റ്റാര്‍’ ആകാന്‍ പോകുന്ന എസ്‌യുവി ഈ വര്‍ഷം അവസാനം ആഗോള അരങ്ങേറ്റം കുറിക്കും. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനക്കെത്തും. റെനോ ബിഗ്സ്റ്റര്‍ ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ റെനോ ഡസ്റ്ററിന്റെ നീളമേറിയ പതിപ്പാണെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റക്കും അല്‍കസാറിനും സമാനമായിരിക്കും ഇവ. എന്നാല്‍ എക്സ്റ്റീരിയര്‍ ഡിസൈനിലും ഇന്റീരിയര്‍ ഡിസൈനിലും ഫീച്ചറുകളിലും വ്യത്യാസമുണ്ടാകുമെന്നാണ് അണിയറ സംസാരം. നീളത്തിന്റെ കാര്യത്തിലായിരിക്കും വലിയ വ്യത്യാസം ഉണ്ടാകുക.
റെനോ ഡസ്റ്ററിന് നീളം 4.34 മീറ്ററാണെങ്കില്‍ പുതിയ ബിഗ്സ്റ്ററിന് 4.6 മീറ്റര്‍ നീളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഡസ്റ്ററിനേക്കാള്‍ 0.3 മീറ്റര്‍ നീളം ബിഗ്‌സ്റ്ററിന് അധികമുണ്ടാകും. പരുക്കന്‍ ലുക്കില്‍ വരുന്ന മൂന്ന് വരി എസ്‌യുവിയില്‍ ഡസ്റ്ററില്‍ നിന്നുള്ള ഇന്റീരിയര്‍ ഘടകങ്ങള്‍ ഉണ്ടാകും. ഡസ്റ്ററിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ വരുന്നതിനാല്‍ അതിനൊത്ത സുഖസൗകര്യങ്ങളും ഫീച്ചറുകളും ക്യാബിനില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ മറക്കില്ല. നിലവിലെ റെനോ ഡസ്റ്ററിന് 2,657 mm ആണ് വീല്‍ബേസ് അളവ്. അകത്ത് കൂടുതല്‍ ക്യാബിന്‍ റൂം ലഭ്യമാക്കാന്‍ ബിഗ്സ്റ്ററിന്റെ വീല്‍ബേസ് നീളം കൂടും. ഡസ്റ്റര്‍ പണിതിറക്കുന്ന അതേ CMF-B മോഡുലാര്‍ പ്ലാറ്റ്‌ഫോം തന്നെയാകും ബിഗ്‌സ്റ്റര്‍ എസ്‌യുവിക്കും അടിവരയിടുക. എന്നാല്‍ ഇതിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. എങ്കിലും നിലവിലുള്ള തലമുറ റെനോ ഡസ്റ്ററിന് സമാനമായി മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെ ഇത് വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷ. ആദ്യത്തെ 1.6 ലിറ്റര്‍ 4 – സിലിണ്ടര്‍ പെട്രോളിന് ഹൈബ്രിഡിനൊപ്പം രണ്ട് മോട്ടോറുകള്‍ ലഭിക്കുമെന്ന് കരുതുന്നു. ഈ എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കുന്നത്. റീജന്‍ ബ്രേക്കിംഗും 1.2kWh ബാറ്ററിയും ഇതില്‍ സജ്ജീകരിക്കും. ഇതോടെ നഗരപാതകളില്‍ 80 ശതമാനവും പ്യുവര്‍ ഇലക്‌ട്രിക് മോഡില്‍ വണ്ടി ഓടിക്കാന്‍ സാധിക്കുമെന്ന് കരുതാം.
130 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ആണ് രണ്ടാമത്തെ ഓപ്ഷന്‍. 48V സ്റ്റാര്‍ട്ടര്‍ മോട്ടോറോടുകൂടിയാണ് ഇത് വരുന്നത്. ചില വിദേശ മാര്‍ക്കറ്റുകളില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എല്‍പിജി ഓപ്ഷനില്‍ ഡസ്റ്റര്‍ വരുന്നുണ്ടെങ്കിലും ഡീസല്‍ എഞ്ചിന്‍ പ്രേമികള്‍ക്ക് നിരാശയായിരിക്കും ഫലം. ഒരിടത്തും ഡസ്റ്റര്‍ നിലവില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്നില്ല. പുതിയ ഡസ്റ്ററിനെ പോലെ തന്നെ ഓഫ് റോഡിംഗ് ശേഷിയുമായിട്ടാകും ബിഗ്‌സ്റ്ററിന്റെയും വരവെന്ന് പ്രതീക്ഷിക്കാം. മാര്‍ക്കറ്റുകള്‍ക്ക് അനുസരിച്ചായിരിക്കും റെനോ ബിഗ്‌സ്റ്ററില്‍ 4X2, 4X4 ഓപ്ഷനുകള്‍ നല്‍കുക. ലാഡര്‍ ഫ്രെയിം ഷാസിയില്‍ വരുന്ന മാരുതി സുസുക്കി ജിംനിക്ക് സമാനമായ 4X4 സെറ്റപ്പായിരിക്കില്ല ഡസ്റ്ററിന് ലഭിക്കുക. മറിച്ച് വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ക്കായി ഓട്ടോ, സ്‌നോ, മഡ്/സാന്‍ഡ്, ഓഫ്‌റോഡ്, ഇക്കോ എന്ന് മോഡുകള്‍ ലഭിക്കും. പുതിയ റെനോ ഡസ്റ്റര്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയിലെത്താനാണ് സാധ്യത. 5 സീറ്റര്‍ എസ്‌യുവിയെ പിന്തുടര്‍ന്ന് ബിഗ്‌സ്റ്ററും തുടര്‍ മാസങ്ങളില്‍ ഏപ്പോഴെങ്കിലും ലോഞ്ചാകും. അതായത് ഈ മൂന്ന് വരി എസ്‌യുവിക്കായി കുറച്ച് കാലം കാത്തിരിക്കണമെന്നര്‍ത്ഥം.