അടൂർ : ഗാന്ധി സ്മൃതിമൈതാനം നവീകരണം കടലാസില്‍ ഒതുങ്ങി. 2023 ജനുവരിയിൽ നവീകരണോദ്ഘാടനം കഴിഞ്ഞതാണ്. രണ്ടരവർഷം കഴിഞ്ഞിട്ടും നടപടിയൊന്നും ആരംഭിച്ചിട്ടില്ല. മൈതാനത്തിന്റെ ചുറ്റുമതിൽ പലയിടത്തും നിലംപൊത്തിയ അവസ്ഥയാണ്. കവാടങ്ങളുടെ മേൽക്കൂരയെല്ലാം പായൽ കയറി. അതും ഏതുനിമിഷവും താഴെ വീഴാം. ഉടൻ എന്നുപറഞ്ഞു തുടങ്ങിയ മൈതാന നവീകരണം പ്രകൃതി സൗഹൃദ നവീകരണമായിരുന്നു ലക്ഷ്യം വെച്ചത്. തറ ടൈൽ പാകി മനോഹരമാക്കുന്നതിനും പ്രത്യേക രീതിയിലുള്ള മേൽക്കൂര സ്ഥാപിക്കുന്നതും കുട്ടികൾക്ക് പാർക്ക്, ഇരിപ്പിടങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനും പൂന്തോട്ടം നിർമിക്കുന്നതും രൂപരേഖയിൽ ഉണ്ടായിരുന്നു.
ഒപ്പം പരിപാടികൾക്കായി നിലവിലുള്ള ഓപ്പൺ സ്റ്റേജ് നവീകരിക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. പദ്ധതി മാത്രം നടപ്പായില്ല. രാജഭരണകാലത്തിന്റെ ശേഷിപ്പായി സചിവോത്തമൻ വിളക്കുമരം മൈതാനത്തുണ്ട്. ഇത് പായലും അഴുക്കും പിടിച്ച് നാശത്തിന്റെ വക്കിലെത്തി. ഇതിൽ സ്ഥാപിച്ചിരുന്ന വിളക്കും നശിച്ചു. മൈതാനത്തിന്റെ കിഴക്കുഭാഗത്ത് വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച റേഡിയോ കിയോസ്കുണ്ട്. ഇത് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. അരികെല്ലാം ഇളകി തുടങ്ങിയ കിയോസ്ക് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമെത്തി.