മാന്നാർ : അപ്പർ കുട്ടനാടൻ കാർഷികമേഖലയായ മാന്നാറിലെ ഒന്നുമുതൽ നാലുവരെ വാർഡുകളിലൂടെ ഒഴുകുന്ന ഇലമ്പനം തോടിന്റെ നവീകരണം തുടങ്ങി. അടിഞ്ഞുകൂടിയ എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും പോളയും നീക്കംചെയ്ത് ഇലമ്പനം തോട്ടിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. തോടിന്റെ നവീകരണത്തിനായി 2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുക.
നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
മുക്കാത്താരിയിൽ നടന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെലീന നൗഷാദ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എസ്. അമ്പിളി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി.ആർ. ശിവപ്രസാദ്, ശാലിനി രഘുനാഥ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സലിം പടിപ്പുരയ്ക്കൽ, സുജാതാ മനോഹരൻ, കൃഷി ഓഫീസർ ഹരികുമാർ, പി.എൻ. ശെൽവരാജൻ, രാജു താമരവേലിൽ, പി.ജി. മുരുകൻ എന്നിവർ സംസാരിച്ചു.