പത്തനംതിട്ട : തട്ടയിൽ പാറക്കര മുല്ലോട്ട് ഡാം നവീകരണം കടലാസിൽ ഒതുങ്ങി. ഡാം വികസനത്തിനായി സർക്കാറിന്റെ മൂന്ന് ബജറ്റിലായി അനുവദിച്ചത് ആറരക്കോടി. വർഷങ്ങൾ കഴിഞ്ഞിട്ടും നവീകരണം മാത്രം നടന്നിട്ടില്ല. അടൂർ മണ്ഡലത്തിലെ മിക്ക പദ്ധതികളും ഇത്തരത്തിൽ കടലാസിൽ ഒതുങ്ങുന്നതായി ആക്ഷേപം ഉയരുന്നു. കൊടുമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മുല്ലോട്ട് ഡാം 60 വർഷം മുമ്പാണ് പണിതത്. കൊടുമൺപഞ്ചായത്തിലാണ് കൂടുതൽ ഭാഗവും. 1957ലാണ് ഡാം നിർമിച്ചത്. തെക്കേക്കര പഞ്ചായത്തിന്റെ വടക്ക് കിഴക്കായുമാണ് മുല്ലോട്ട് ഡാം സ്ഥിതിചെയ്യുന്നത്. ആറേക്കർ വിസ്തൃതിയുള്ള ഡാമിന്റെ മുക്കാൽ ഭാഗവും സ്ഥിതിചെയ്യുന്നത് കൊടുമൺ പഞ്ചായത്തിലാണ്. 1992ൽ വിദേശഫണ്ട് ഉപയോഗിച്ച് ഡാമിൽ നടത്തിയ അശാസ്ത്രീയ നിർമാണം മൂലം ഷട്ടറിൽ ചോർച്ചയുണ്ടായി.
അന്നുമുതൽ ഡാം ഉപയോഗശൂന്യമായി കിടക്കുകയാണ്. അടിഭാഗത്തെ ഷട്ടർ ചോർന്ന് വെള്ളം ഒലിച്ചു പോകുന്നതിനാൽ ഒരിക്കലും വെള്ളം സംഭരിക്കപ്പെട്ടില്ല. മുല്ലോട്ട് മല, കൊട്ളമല എന്നീ രണ്ട് മലകൾക്കിടയിലാണ് ഡാം പണിതിട്ടുള്ളത്. മലകളിൽ ആൾത്താമസമില്ലാത്തതിനാൽ ഇവിടത്തെ വെള്ളം ശുദ്ധമാണ്. അതുകൊണ്ടുതന്നെ ഡാമിലെ വെള്ളം കുടിവെള്ള പദ്ധതിക്കായും ഉപയോഗിക്കാവുന്നതാണ്. ഡാമിന് 2018, 2019 ബജറ്റുകളിലായി 3.50 കോടി ആദ്യം അനുവദിച്ചു. ഭരണാനുമതിയാകാത്തതിനാൽ ഡാം വികസനം നടന്നില്ല. 2022ലെ ബജറ്റിൽ മൂന്നുകോടിയും അനുവദിച്ചിട്ടും ഒന്നും സംഭവിച്ചില്ല.