പത്തനംതിട്ട : അയിരൂരിലെ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെയും പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ജണ്ടായിക്കല്‍ കളിസ്ഥലത്തിന്റെയും നവീകരണ ഉദ്ഘാടനം ഏപ്രില്‍ 21ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. അയിരൂരില്‍ ഉച്ചയ്ക്ക് 12നും ജണ്ടായിക്കല്‍ ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് പരിപാടി. അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ ചടങ്ങുകളില്‍ അധ്യക്ഷനായിരിക്കും. ഈ മേഖലയുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ മുടക്കിയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ കളിക്കളം ഒരുക്കുന്നത്. അയിരൂര്‍ പഞ്ചായത്ത് കളിസ്ഥല വികസനവുമായി ബന്ധപ്പെട്ട് സെവന്‍സ് മഡ് ഫുട്‌ബോള്‍ കോര്‍ട്ട്, രണ്ട് വോളിബോള്‍ മഡ് കോര്‍ട്ട്, ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രെയ്നേജ് സംവിധാനം, രാത്രികാല പരിശീലനത്തിന് ലൈറ്റിംഗ് സംവിധാനം, കളിക്കളത്തിനു ചുറ്റും ചുറ്റുമതില്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജണ്ടായിക്കല്‍ കളിസ്ഥല വികസനത്തില്‍ മഡ് ഫുട്‌ബോള്‍ കോര്‍ട്ട്, ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രെയ്നേജ് സംവിധാനം, കളിക്കളത്തിനു ചുറ്റം ചെയിന്‍ ലിങ്ക് ഫെന്‍സിംഗ്, ടോയ്ലറ്റ് ബ്ലോക്ക്, രാത്രികാല പരിശീലനത്തിന് ലൈറ്റിംഗ് സംവിധാനം തുടങ്ങിയ പ്രവര്‍ത്തികള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷനാണ് പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കും. ഗ്രാമങ്ങളില്‍ കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ കായിക വികസനം താഴേത്തട്ടില്‍ ശക്തമാക്കുകയാണ് ലക്ഷ്യം. യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ഈ കളിക്കളം പ്രയോജനപ്പെടുത്താന്‍ കഴിയും.