വെൺമണി : വെൺമണി പഞ്ചായത്തിൽ രണ്ടാംവാർഡിലെ കുതിരവട്ടംചിറയുടെ നവീകരണജോലികൾ തുടങ്ങി. 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് ചിറ. ജലസ്രോതസ്സ് എന്ന നിലയിൽ സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തും. തടാകത്തിനു ചുറ്റുമായി 1,400 മീറ്റർ നീളം വരുന്ന നടപ്പാത, ചാരുബെഞ്ചുകൾ, കുടുംബമായി താമസിക്കുന്ന കോട്ടേജുകൾ, ബോട്ടിങ് സൗകര്യങ്ങൾ, തടാകത്തിന്റെ കരകളെ ബന്ധിപ്പിക്കുന്ന നടപ്പാലം, ഹൈടെക് ഫിഷ് ഹാച്ചറി, മിനി അക്വേറിയം, 60,000 ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി എന്നിവ നവീകരണപ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
15.38 കോടി ചെലവഴിച്ചാണ് നിർമാണം. നവീകരണപ്രവൃത്തികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോൾ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷേയ്ക്ക് പരീത്, ജെബിൻ പി. വർഗീസ്, മഞ്ജുളാ ദേവി, പി.ആർ. രമേശ് കുമാർ, കെ.എസ്. ബിന്ദു, കെ.പി. ശശിധരൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യംസ് എന്നിവർ സംസാരിച്ചു.