തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ വാടകനയം ടെക്നോപാര്‍ക്കിലെ ഐടി കമ്പിനികള്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വാടകയില്‍ ഇളവില്ല എന്ന സര്‍ക്കാരിന്റെ നയത്തില്‍ മുപ്പതോളം കമ്പിനികളാണ് ടെക്നോപാര്‍ക്ക് വിട്ടത്. സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജി ടെക് ആവശ്യപ്പെട്ടു.
2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക മാത്രമാണ് ഇളവ് ചെയ്തത്. അതിനു ശേഷം ടെക്നോപാര്‍ക്കിലെ ഐടി ഇതര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് വാടക ഇളവ് നല്‍കിയത്. പ്രതിവര്‍ഷം 5 ശതമാനം വാടക വര്‍ദ്ധനയെന്ന നയത്തില്‍ മാറ്റം വരുത്തിയില്ല. ഏപ്രിലില്‍ പുതുക്കിയ വാടക നിലവില്‍ വന്നു. എന്നാല്‍ കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടെക്നോപാര്‍ക്കിലെ ഭൂരിഭാഗം കമ്പിനികളുടെ ഓഫീസുകളും കാലിയാണ്. ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. കോവിഡ് രണ്ടാം വ്യാപനവും വന്നതോടെ കമ്പിനികള്‍ വര്‍ക് ഫ്രം ഹോം സ്ഥിരം സംവിധാനമാക്കിയ സാഹചര്യമാണുള്ളത്. ജീവനക്കാര്‍ വരാത്ത ഓഫീസിന്റെ വാടകയും പരിപാലന ചെലവും ചെറിയ ഐടി കമ്പിനികള്‍ക്ക് വലിയ ബാധ്യതയാവുകയാണ്.
ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ടെക്നോപാര്‍ക്കിലെ വാടകനയത്തില്‍ മാറ്റം വേണമെന്ന് ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജി ടെക് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. കൂടുതല്‍ കമ്പിനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായാല്‍ 5 വര്‍ഷം കൊണ്ട് ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കാനാകും. എന്നാല്‍ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായില്ല.