ന്യൂഡല്‍ഹി : മാതൃകാ വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വീട് വാടകയ്ക്കു നല്‍കുമ്പോള്‍ രണ്ടു മാസത്തെ തുകയാണ് അഡ്വാന്‍സായി വാങ്ങേണ്ടത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് പുതിയ വാടക നിയമം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങളുണ്ടാക്കുകയോ ചെയ്യണം.
കരടുനിയമം 2019 ല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു നല്‍കിയിരുന്നു. അടഞ്ഞുകിടക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാന്‍ ഉടമകളെ പ്രേരിപ്പിക്കാനും വീടില്ലാത്തവര്‍ക്കു കൂടുതല്‍ താമസസ്ഥലങ്ങള്‍ ലഭ്യമാകാനും മാതൃകാനിയമം സഹായകരമാകുമെന്നാണു കേന്ദ്ര വിലയിരുത്തല്‍. ഈ മേഖലയെ ലാഭകരമായ വിപണിയായി മാറ്റുകയെന്ന ഉദ്ദേശ്യവും പുതിയ നിയമത്തിനു പിന്നിലുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കരടു നിയമത്തിലെ ചില പ്രധാന വ്യവസ്ഥകള്‍
താമസേതര ആവശ്യങ്ങള്‍ക്കെങ്കില്‍ അഡ്വാന്‍സ് 6 മാസത്തെ വാടകത്തുക.
എല്ലാ ജില്ലയിലും വാടക തര്‍ക്കപരിഹാര അഥോറിറ്റി.
സംസ്ഥാനങ്ങളില്‍ വീട്ടുവാടകക്കേസുകള്‍ക്കായി പ്രത്യേക കോടതിയും ട്രിബ്യൂണലും.
ഉടമയും വാടകക്കാരും തമ്മില്‍ എഴുതിത്തയ്യാറാക്കിയ കരാര്‍ നിര്‍ബന്ധം. ഇതു ജില്ലാ അഥോറിറ്റിയില്‍ സമര്‍പ്പിക്കണം. അഥോറിറ്റിയെ അറിയിക്കാതെ വീടു വാടകയ്ക്കു നല്‍കരുത്.
കരാറിലെ നിബന്ധനകള്‍ പ്രകാരം മാത്രമേ വാടക പുതുക്കാവൂ. ഇടയ്ക്കുവെച്ചു വാടക പുതുക്കാനാവില്ല. പുതുക്കാനുള്ള വ്യവസ്ഥകള്‍ കരാറില്‍ പറയുന്നില്ലെങ്കില്‍ 3 മാസം മുന്‍കൂറായി വാടകക്കാര്‍ക്ക് ഇക്കാര്യം എഴുതിനല്‍കണം. തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ വാടകക്കാരും എഴുതിനല്‍കണം. ഇല്ലെങ്കില്‍ വര്‍ധന അംഗീകരിച്ചതായി കണക്കാക്കും.
കാലാവധി കഴിഞ്ഞിട്ടും വാടകക്കാര്‍ ഒഴിയുന്നില്ലെങ്കില്‍ അടുത്ത 6 മാസം വരെ ഓരോ മാസത്തേക്കും കരാര്‍ പുതുക്കിയതായി കണക്കാക്കും. ആദ്യ 2 മാസം നിലവിലുള്ളതിന്റെ ഇരട്ടി വാടകയും അടുത്ത 4 മാസം നാലിരട്ടി വാടകയും നല്‍കണം. അതിനുശേഷം നിയമനടപടികളുണ്ടാകും.
കരാറിലെ ഏതെങ്കിലും കക്ഷി മരിച്ചാല്‍ അവകാശികള്‍ക്ക് കരാര്‍ ബാധകം.
ഉടമയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വാടകക്കാര്‍ മറ്റാര്‍ക്കും വീട് വാടകയ്ക്കു നല്‍കരുത്. അഥവാ ഉപകരാര്‍ നല്‍കിയാല്‍ എല്ലാ വിവരങ്ങളും ഉടമയെ അറിയിക്കുകയും ആവശ്യമായ പണം നല്‍കുകയും വേണം.
വാടകയ്ക്കു രസീത് നല്‍കണം. ഇല്ലെങ്കില്‍ അഥോറിറ്റിയെ അറിയിക്കാം. അടിയന്തര സാഹചര്യത്തില്‍ അഥോറിറ്റിയിലും വാടക അടയ്ക്കാം.