ഇരാറ്റുപേട്ട: വാഹനം വാടകയ്‌ക്കെടുത്ത് മുങ്ങിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കായംകുളം ദേവികുളങ്ങര പുന്നൂര്‍ പിഗ്‌സ വീട്ടില്‍ ഡാനിയല്‍ ഫിലിപ്പിന്റെ മകന്‍ ജിനു ജോണ്‍ ഡാനിയല്‍(38) ആണ് ഇരാറ്റുപേട്ട പോലീസ് പിടികൂടിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് തലപ്പലം നാരിയങ്ങനം സ്വദേശിയില്‍ നിന്ന് ബൊലേറോ മാസവാടകയ്‌ക്കെടുത്ത് തിരികെ നല്‍കാതെ മുങ്ങുകയായിരുന്നു. ആര്‍.സി ഓണറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജിനുവിന്റെ സുഹൃത്തുക്കളില്‍ ഒരാളായ ശിവശങ്കരപിള്ളയെ പിടികൂടുകയും ജിനുജോണിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിനുവിനെ കായംകുളത്ത് നിന്നും പിടികൂടിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റു പേട്ട സ്റ്റേഷന്‍ എസ് എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വര്‍ഗീസ് കുരുവിള സി.പി.ഒ ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.