ബെംഗളൂരു : ബംഗളുരുവിനെ ഞെട്ടിച്ച രേണുകസ്വാമി വധക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ) റിപ്പോർട്ടുകളും പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകളും അടങ്ങുന്ന 1300 പേജുള്ള അധിക കുറ്റപത്രമാണ് വിജയനഗർ സബ് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മീഷണർ (എസിപി) ചന്ദൻ കുമാർ വിചാരണ കോടതിയിൽ സമർപ്പിച്ചത്. സെപ്റ്റംബർ നാലിനാണ് 3991 പേജുകളുള്ള ആദ്യ കുറ്റപത്രം പോലീസ് സമർപ്പിച്ചത്. ശനിയാഴ്ച മൈസൂർ ബാങ്ക് സർക്കിളിന് സമീപമുള്ള 57-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ 1,300 പേജുള്ള അധിക കുറ്റപത്രം സമർപ്പിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിലെ രണ്ടാം നമ്പർ പ്രതിയായ നടൻ ദർശൻ അടക്കമുള്ള പ്രതികളായ ചിലർക്കെതിരെയുള്ള സാങ്കേതികവും ഫോറൻസിക് തെളിവുകളും അധിക കുറ്റപത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്. 20-ലധികം പ്രധാന തെളിവുകളാണ് അധിക കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതിയുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫോട്ടോകളും മറ്റ് ഡിജിറ്റൽ തെളിവുകളും ഇതിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
കേസിൽ ദൃക്‌സാക്ഷിയായ പുനീതിൻ്റെ മൊബൈലിൽ നിന്ന് ചിത്രങ്ങൾ കണ്ടെടുത്തതിൽ 2 ചിത്രങ്ങളിൽ നടൻ ദർശൻ ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. നീല ടീ ഷർട്ടും ജീൻസും ധരിച്ചാണ് ഫോട്ടോയിൽ. കൂടാതെ അനു കുമാർ, രവിശങ്കർ, ജഗ്ഗ എന്ന ജഗദീഷ് എന്നിവരും ഫോട്ടോയിൽ ഉണ്ടായിരുന്നു. അതേസമയം , നടൻ ദർശൻ ആശുപത്രിയിൽ ചികിൽസയിലാണ്.ഇതിനെ തുടർന്ന് ഹൈക്കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുകയും വാദം കേൾക്കുന്നത് നവംബർ 26ലേക്ക് മാറ്റുകയും ചെയ്തു. ദർശന് കോടതി ആറാഴ്ചത്തെ മെഡിക്കൽ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയയും ചികിത്സയുടെ കാലാവധിയും സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.