ലണ്ടന്‍ : ലോകാവസാനം കുറിക്കാന്‍ കെല്പുള്ള കോവിഡ് വകഭേദം എത്തുകയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിക്കുന്ന മൂന്നില്‍ ഒന്നുപേരെയും കാലപുരിക്കയയ്ക്കാന്‍ കെല്പുള്ളതാണത്രെ ഈ കുഞ്ഞ് ഭീകരന്‍.
മരണനിരക്ക് ഏകദേശം 35 ശതമാനം ഉള്ള മേഴ്സ് എന്ന വൈറസിനു തുല്യമായ പ്രഹരശേഷിയുള്ളതായിരിക്കും ഈ വൈറസ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈറസ് വ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ ഉള്ളപ്പോഴാണ് അതിന് ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത ഏറെയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടനില്‍ വിജയകരമായി തുടരുന്ന വാക്സിന്‍ പദ്ധതി പരമാവധി പേര്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കിയിട്ടുണ്ട്. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുവാന്‍ വരുന്ന ശൈത്യകാലത്ത് വാക്സിന്റെ ബൂസ്റ്റര്‍ ഡോസും നല്‍കണമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവില്‍ രോഗവ്യാപനം ശക്തമാണെങ്കില്‍ കൂടി അത് ക്രമമായി കുറഞ്ഞുവരുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ബ്രിട്ടനില്‍ മാരക വൈറസ് പടരാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.
അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം അതിരുകടക്കുമ്പോഴും പാതി ജനങ്ങള്‍ക്ക് പോലും വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രദേശങ്ങളിലായിരിക്കും വൈറസിന് ജനിതകമാറ്റം സംഭവിച്ച് മാരകമാകാന്‍ സാധ്യത എന്നാണ് വിദഗ്ദരുടെ അഭിപ്രായം.സമീപഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുക്കളെക്കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ടിലാണ് ഈ സൂപ്പര്‍ വകഭേദത്തിന്റെ കാര്യം ശാസ്ത്രജ്ഞര്‍ പരാമര്‍ശിച്ചിരിക്കുന്നത്.
വാക്സിനെതിരെ ഭാഗികമായ പ്രതിരോധശേഷിയുള്ള ദക്ഷിണാഫ്രിക്കന്‍ വകഭേദം അതിവ്യാപന ശേഷിയുള്ള കെന്റ് ആല്‍ഫ വകഭേദമായോ ഇന്ത്യന്‍ ഡെല്‍റ്റാ വകഭേദവുമായോ സംഗമിച്ച് പുതിയ വകഭേദം ഉണ്ടായാല്‍ അത് നിലവിലുള്ള എല്ലാ വാക്സിനുകള്‍ക്ക് എതിരെയും കടുത്ത പ്രതിരോധ ശേഷി പ്രകടിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. റീകോമ്പിനേഷന്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയ വൈറസിന് കൂടുതല്‍ വ്യാപകശേഷിയും പ്രഹരശേഷിയും നല്‍കും.
എന്നാല്‍ അസാധാരണമായ ജനിതകമാറ്റം സംഭവിച്ചില്ലെങ്കില്‍ വാക്സിനുകള്‍ ഫലപ്രദമായി തുടരും എന്നുതന്നെയാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത്രയും വലിയൊരു ജനിതക മാറ്റത്തിനുള്ള സാധ്യത തുലോം വിരളമാണെങ്കിലും അത് സംഭവിച്ചു കൂടെന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിലവിലുള്ള ഒരു വാക്സിനും കോവിഡിനെതിരെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രഹരശേഷി കൂടുതലുള്ള വകഭേദം ആവിര്‍ഭവിച്ചാല്‍ അത് മനുഷ്യകുലത്തിന് വന്‍ ഭീഷണിയാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരത്തില്‍ പ്രഹരശേഷി കൂടുതലുള്ള ഒരു ഇനം ജനിതകമാറ്റം സംഭവിച്ചുണ്ടാവുക എന്നത് പ്രായോഗികമായും സാധ്യമായ ഒരു കാര്യമാണ്. അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഇനിയും കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മരണം വിതറുന്ന മാഹാമാരിയായി മാറും. അതുകൊണ്ടുതന്നെ മൂന്നാം തരംഗത്തില്‍ നിന്നും കരകയറാന്‍ ആരംഭിക്കുന്ന ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ ഇനിയും കൂടുതല്‍ കരുതല്‍ തുടരേണ്ടതുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.