ന്യൂഡല്‍ഹി: ഇന്ത്യയുടെ അരിയുല്‍പ്പാദനത്തില്‍ ഈ വര്‍ഷം വലിയ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക ഇടിവായിരിക്കും ഇത്തവണ രേഖപ്പെടുത്തുക. മഴയുടെ അളവിലുണ്ടായ വന്‍ കുറവാണ് ഇന്ത്യയുടെ അരി ഉല്‍പാദനത്തെ ബാധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അരി ഉല്‍പ്പാദക-കയറ്റുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍, കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉല്‍പ്പാദനമായ 15.4 കോടി ടണ്ണില്‍ നിന്ന് ഇത്തവണ ഏകദേശം ഒരു കോടി ടണ്ണിന്റെ കുറവ് ഉണ്ടാകാമെന്നാണ് റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി. കൃഷ്ണ റാവുവിന്റെ വിലയിരുത്തല്‍.
ഇത് ഏകദേശം 6.5 ശതമാനത്തിന്റെ ഇടിവാണ്. 2009-10 കാലയളവില്‍ എല്‍ നിനോയെ തുടര്‍ന്നുണ്ടായ വരള്‍ച്ചയ്ക്ക് ശേഷം അരിയുല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നിന് ആരംഭിച്ച നാല് മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ രാജ്യത്ത് ഇതുവരെ സാധാരണയേക്കാള്‍ 15 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. നെല്ല് പ്രധാനവിളയായ സംസ്ഥാനങ്ങളില്‍ മഴക്കുറവ് 42 ശതമാനം വരെ എത്തിയിട്ടുണ്ട്.
ഇതിനൊപ്പം വേനല്‍ക്കാല നെല്‍കൃഷിയിലും കുറവുണ്ടായിട്ടുണ്ട്. നാല് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 4.268 കോടി ഹെക്ടറിലാണ് നെല്‍കൃഷി ചെയ്തിരുന്നത്.ഉല്‍പാദനം കുറഞ്ഞതോടെ ഇത് വിപണിയില്‍ പ്രതിഫലിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആഭ്യന്തര വിപണിയില്‍ നെല്ലിന്റെ ഉല്‍പാദനം കുറഞ്ഞതിന്റെ പ്രതിഫലനം ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഉല്‍പാദനം കുറഞ്ഞതോടെ മറ്റ് അരി ഉപയോഗരാജ്യങ്ങളിലും വില വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
































