ദില്ലി : നിലവിലെ സാമ്പത്തിക വർഷം ജീവകാരുണ്യ പ്രവർത്തനത്തിനായി ഇന്ത്യയിലെ കോടീശ്വരന്മാർ 8445 കോടി രൂപ സംഭാവന നൽകിയതായി റിപ്പോർട്ട്. രാജ്യത്തെ 119 കോടീശ്വരന്മാരാണ് ഇത്രയും തുക സംഭാവനയായി നൽകിയത്. ഈഡൽഗിവ് ഹാറൂൻ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടികയിലാണ് വിവരങ്ങളുള്ളത്. എച്ച്സിഎൽ ചെയർമാനായ ശിവ് നാടാരാണ് സംഭാവന നൽകിയവരിൽ ഏറ്റവും മുന്നിൽ. ശിവ് നാടാരും കുടുംബവും 2042 കോടി സംഭാവന നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് വർഷവും ശിവ് നാടാരാണ് പട്ടികയിൽ മുന്നിൽ. ഒരു ദിവസം 5.6 കോടിയാണ് സംഭാവന നൽകുന്നത്.
കല, സംസ്കാരം, വിദ്യാഭ്യാസം മേഖലയിലാണ് ഇവർ കൂടുതൽ സംഭാവന ചെയ്യുന്നത്. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയിൽ രണ്ടാമത്. 1774 കോടിയാണ് അസിം പ്രേംജി സംഭാവന നൽകിയത്. മുകേഷ് അംബാനിയും കുടുംബവും 376 കോടിയാണ് സംഭാവന നൽകിയത്. പട്ടികയിൽ മൂന്നാമതാണ് അംബാനി കുടുംബം. 287 കോടിയാണ് കുമാർ മംഗളം ബിർളയുടെ സംഭാവന. ഗൗതം അദാനിയും കുടുംബവും 285 കോടിയാണ് നൽകിയത്. 241 കോടി നൽകിയ അനിൽ അഗർവാൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നന്ദൻ നിലേകനി 189 കോടിയും ഭാര്യ രോഹിണി നിലേകനി 170 കോടിയും നൽകി. സെരോദ സഹസ്ഥാപകനായ നിഖിൽ കാമത്താണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 110 കോടിയാണ് അദ്ദേഹം സംഭാവന നൽകിയത്.