കോട്ടയം: വൻ പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക് ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ. സബ്‌സിഡിരഹിത ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന ഇരട്ടി ആനുകൂല്യം കച്ചവടം കൂട്ടി. സബ്‌സിഡിരഹിത സാധനങ്ങൾ സപ്ലൈകോയും കമ്പനികളും ചേർന്ന് നൽകുന്ന 30 ശതമാനം വരെ വിലക്കുറവിലാണ് വിൽക്കുന്നത്. 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ഇനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്ന പദ്ധതിക്ക് 50/50 എന്നാണ് പേര്. 50-ാം വാർഷികത്തിന്റെ ഭാഗമായി ഉച്ചയ്ക്കുള്ള രണ്ട് മണിക്കൂർ ഹാപ്പി അവറാണ് ഗുണഭോക്താക്കൾക്ക് മറ്റൊരു നേട്ടം. രണ്ടുമണി മുതൽ മൂന്നു വരെ വാങ്ങുന്ന സബ്‌സിഡിരഹിത ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെയാണ് വിലയിളവ് കിട്ടുന്നത്. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവയിൽ ജൂൺ 25-ന് ഇത് തുടങ്ങി. 50 ദിവസത്തേക്ക് തുടരും.
സബ്‌സിഡി ഭക്ഷ്യവസ്തുക്കളുടെ ടെൻഡറും ശേഖരണവും പഴയ നിലയിൽ ആയിട്ടില്ലാത്തത് സപ്ലൈകോ വരുമാനത്തെ ബാധിച്ചിരുന്നു. നാലിനം ഒഴികെ മറ്റെല്ലാം എത്തിത്തുടങ്ങിയിട്ടും ജനം കടകളിലേക്ക് മടങ്ങിവന്നിരുന്നില്ല. പക്ഷേ സബ്‌സിഡിരഹിത വസ്തുക്കളുടെ ഓഫർ അറിഞ്ഞ് എത്തുന്നവർ സബ്‌സിഡി വസ്തുക്കളും വാങ്ങുന്നത് ഗുണകരമാണ്. ദിവസവരുമാനം രണ്ടുകോടി വരെയായി ഇടിഞ്ഞുനിന്ന സ്ഥിതിയിൽനിന്ന് അഞ്ച് കോടി വരെയായി ദിവസവരുമാനം മെച്ചപ്പെട്ടു.