ദില്ലി : ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ ശക്തി തുറന്നുകാട്ടിയ ഒന്നായിരുന്നു ബംഗ്ലാദേശ് വിമോചന യുദ്ധം. ഒരു ഉപാധികളും ഇല്ലാതെയാണ് പാകിസ്ഥാന്‍ അന്ന് ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത്. ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവിക്കു കൂടിയായിരുന്നു ആ യുദ്ധം വഴിയൊരുക്കിയത്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നേടിയ യുദ്ധവിജയത്തിന്റെ ഓര്‍മ പുതുക്കലാണ് ഇന്ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനെ വ്യത്യസ്തമാക്കുന്നത്. വിമോചന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബംഗ്ലാദേശ് സൈന്യം ദില്ലിയിലെ റിപ്പബ്ലിക് ദിന പരേഡില്‍. ഇന്ത്യുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. 2016ല്‍ ഫ്രാന്‍സും, 2017ല്‍ യു.എ.ഇയും പങ്കെടുത്തിരുന്നു.
122 അംഗ സംഘമാണ് ബംഗ്ലാദേശ് സൈന്യത്തിനെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്. ലഫ്. കേണല്‍ അബു മുഹമ്മദ് ഷഹുനൂര്‍ ബംഗ്ലാദേശ് സംഘത്തെ നയിക്കും. 71ലെ യുദ്ധത്തില്‍ പങ്കെടുത്ത ബംഗ്ലാദേശ് കരസേനയിലെ ഈസ്റ്റ് ബംഗാള്‍ റെജിമെന്റിലെ സൈനികരാണ് അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കുന്ന പരേഡിന് നേതൃത്വം നല്‍കുന്നത്. 1971ല്‍ പാകിസ്ഥാനെതിരെ നേടിയ വിജയത്തിന്റെ അമ്പതാം വാര്‍ഷികം ഇന്ത്യയും പ്രൗഢഗംഭീരമായി ആഘോഷിച്ചിരുന്നു.
അതേസമയം റിപ്പബ്ലിക് ദിന പരേഡിലെ ഏറ്റവും ത്രസിപ്പിക്കുന്ന കാഴ്ചയായ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം ഇത്തവണ രാജ്പഥില്‍ കാണാനാകില്ല. കോവിഡ് നിയന്ത്രണമുളളതിനാല്‍ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം ഒഴിവാക്കുകയായിരുന്നു. കോവിഡ് നിയന്ത്രണമുളളതിനാല്‍ 25,000 പേര്‍ക്ക് മാത്രമേ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ അനുവാദമുളളു. ഗാലന്ററി അവാര്‍ഡ് സാമൂഹിക അകലം പാലിച്ച് വിതരണം ചെയ്യും. പരേഡ് കാണാന്‍ വരുന്നവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നുളള നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നേകാല്‍ ലക്ഷം പേരാണ് റിപ്പബ്ലിക് ദിന പരേഡ് കാണാനെത്തിയത്.
പരേഡില്‍ ഇത്തവണ അണിനിരക്കുന്നത് 32 നിശ്ചല ദൃശ്യങ്ങളാണ്. സൈനിക ശക്തിക്കൊപ്പം ഇന്ത്യയുടെ കലാസാംസ്‌കാരിക പൈതൃകം കൂടി വിളിച്ചോതുന്നതാണ് ഒരോ റിപ്പബ്ലിക് ദിന പരേഡും. കോവിഡ് നിയന്ത്രണം ഉണ്ടെങ്കിലും പരേഡിന്റെ മാറ്റ് കുറയാതെയുളള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടേത് ഉള്‍പ്പടെ 32 നിശ്ചലദൃശ്യങ്ങളാണ് രാജ്പഥിലൂടെ ഈ വര്‍ഷം കടന്നുപോകുക. അതേസമയം ഗുജറാത്ത്, അസം, തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ലഡാക്ക്, ദില്ലി ഉള്‍പ്പടെയുളള സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ ഇത്തവണത്തെ പരേഡിലുണ്ടാകും. ഗുജറാത്ത് സംഘത്തിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായ പങ്കജ് മോദിയാണ്.
ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്തകളഞ്ഞതോടെ രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ചരിത്രംപേറുന്ന ടാബ്ലോയും ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. കോവിഡ് വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചതിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടി ബയോടെക്‌നോളജി വകുപ്പ് തയാറാക്കിയ ടാബ്ലോയും പരേഡില്‍ കാണാം. ബംഗ്ലാദേശ് വിമോചനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ ബാന്റ് സംഘം ആദ്യമായി ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും.