ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരം കാഴ്ച്ചവെക്കുന്ന വിഭാഗങ്ങളിലൊന്നാണ് കോംപാക്ട് എസ്‌യുവി ശ്രേണി എന്നത്. രാജ്യത്തെ മിക്കവാറും എല്ലാ നിർമ്മാതാക്കൾക്കും ഇപ്പോൾ ഒരു കോംപാക്ട് എസ്‌യുവി മോഡലുണ്ട്. ഹ്യുണ്ടായി വെന്യൂ, കിയ സോനെറ്റ് തുടങ്ങിയ മറ്റ് എതിരാളികൾ രംഗത്തെത്തുന്നതുവരെ ഏറ്റവും കൂടുതൽ കാലം സെഗ്മെന്റ് നേതാവായിരുന്നു മാരുതി ബ്രെസ. നിലവിലെ കൊവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പലരും ഇപ്പോൾ സ്വന്തമായി ഒരു വാഹനം വാങ്ങി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു.
ആളുകൾ സെക്കൻഡ്-ഹാൻഡ് വാഹനങ്ങൾ പോലും പരിഗണിക്കുന്നു, അതിനാൽ തന്നെ യൂസ്ഡ് കാർ മാർക്കറ്റ് ഇപ്പോൾ വളരെ ശക്തമാണ്. അതിനാൽ ഇവിടെ യൂസ്ഡ് കാർ വിപണിയിൽ കോംപാക്ട് എസ്‌യുവികളുടെ റീസെയിൽ വാല്യൂ എങ്ങനെ എന്നാണ് ഈ ലേഖനത്തിലൂടെ ഞങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.
മാരുതി സുസുക്കി വിറ്റാര ബ്രെസ
1.3 ലിറ്റർ ഫിയറ്റ്-സോഴ്സ്ഡ് എഞ്ചിനുമായിട്ടാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ എത്തിയിരുന്നത്. ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയാത്തതിനാൽ നിർമ്മാതാക്കൾ ബ്രെസയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കി. ഈ എഞ്ചിൻ അതിന്റെ ഇന്ധനക്ഷമതയ്ക്കും torque -നും പേരുകേട്ടതായിരുന്നു.
കൂടാതെ വളരെ വിശ്വസനീയവുമായിരുന്നു. കമ്പനി ഈ ഡീസൽ എഞ്ചിൻ ഒരു പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. എന്നാൽ ഇന്നും ഒരു കോംപാക്ട് എസ്‌യുവിയിൽ ഡീസൽ എഞ്ചിന്റെ പഞ്ച് ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്.
ഇക്കാരണത്താൽ, ഡീസൽ എൻജിനുള്ള പഴയ ബ്രെസ അതിന്റെ മൂല്യം ഇപ്പോഴും വളരെ നന്നായി നിലനിർത്തുന്നു. വാസ്തവത്തിൽ, മൂന്ന് വർഷം പഴക്കമുള്ള ഡീസൽ ബ്രെസയ്ക്ക് രണ്ട് വർഷം പഴക്കമുള്ള ഹ്യുണ്ടായി വെന്യുവിനേക്കാൾ ഉയർന്ന വിൽപ്പന മൂല്യമുണ്ട്.
ഹ്യുണ്ടായി വെന്യു
കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ വൈകി എത്തിയ മോഡലുകളിൽ ഒന്നാണ് വെന്യു, എന്നിരുന്നാലും വിറ്റാര ബ്രെസയുടെ വിപണി വിഹിതത്തിന്റെ വലിയൊരു ഭാഗം കൈയ്യടക്കാൻ ഇതിന് കഴിഞ്ഞു. വിറ്റാര ബ്രെസയേക്കാൾ കൂടുതൽ വെന്യുകൾ ഹ്യുണ്ടായി പലപ്പോഴും വിറ്റഴിച്ചു.വിറ്റാര ബ്രെസയുടെ ഏറ്റവും വലുതും ശക്തവുമായ എതിരാളി ഹ്യുണ്ടായി വെന്യുവാണെന്ന് നമുക്ക് പറയാം. ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിച്ചതുമുതൽ കാര്യമായ വിലവർധന ലഭിച്ചതിനാൽ വെന്യുവിന് മികച്ചൊരു റീസെയിൽ വാല്യൂ നിലനിർത്താൻ കഴിഞ്ഞു.
ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ച വേരിയന്റുകളേക്കാൾ മാനുവൽ ഗിയർബോക്‌സുള്ള വകഭേദങ്ങൾ അവയുടെ മൂല്യം നന്നായി നിലനിർത്തുന്നു. ചില ആളുകൾക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ദീർഘകാലാടിസ്ഥാനത്തിൽ അല്പം പ്രശ്നങ്ങൾ നേരിട്ടിട്ടുള്ളതാണ് ഇതിന് കാരണം.
മഹീന്ദ്ര XUV300
മഹീന്ദ്രയുടെ XUV300 -ന് വിപണിയിൽ ഉയർന്ന വിലയാണുള്ളത്. സാങ്‌യോംഗ് ടിവോളി പ്ലാറ്റ്ഫോമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് വില ഉയരുന്നതിന്റെ ഒരു കാരണം.XUV300 സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ കോംപാക്ട് എസ്‌യുവിയാക്കാൻ ഇത് സഹായിക്കുന്നു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ വാഹനം ഫൈവ് സ്റ്റാർ സുരക്ഷ റേറ്റിംഗും നേടി. ഇത് ധാരാളം ഉപകരണങ്ങളും സവിശേഷതകളും ശക്തമായ എഞ്ചിനുകളും നൽകുന്നു.
എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പന സംഖ്യകൾ വളരെ മികച്ചതായിരിക്കില്ല, പക്ഷേ XUV300 -മായി ബന്ധപ്പെട്ട ഒരു മൂല്യ ഘടകമുണ്ട്. ആളുകൾക്ക് ഇത് നന്നായി അറിയാം. കോംപാക്ട് എസ്‌യുവിയെ അതിന്റെ മൂല്യം നന്നായി നിലനിർത്താൻ ഇത് സഹായിച്ചു.
ഫോർഡ് ഇക്കോസ്പോർട്ട്
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോംപാക്ട് എസ്‌യുവിയാണ് ഇക്കോസ്‌പോർട്ട്. ഇക്കാരണത്താൽ, പ്രീ-ഫേസ് ലിഫ്റ്റ് ഇക്കോസ്പോർട്ട് അതായത് MY2017 മോഡലും അതിനുമുമ്പുള്ളതും ഉയർന്ന മൂല്യത്തകർച്ച നിരക്ക് നെരിട്ടിട്ടുണ്ട്, അതേസമയം MY2018 -ന് വിപണിയിലെ മറ്റ് എതിരാളികൾക്ക് സമാനമായ റീസെയിൽ വാല്യൂ ഉണ്ട്.പഴക്കംചെല്ലുന്ന രൂപകൽപ്പന കാരണം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് അതിന്റെ മൂല്യം വളരെ ഉയർന്ന നിരക്കിൽ നഷ്ടപ്പെടും. ഇക്കോസ്പോർട്ട് അതിന്റെ എതിരാളികളെപ്പോലെ ആധുനികവും ആകർഷകവുമല്ല എന്നതും കാലങ്ങൾ കഴിയുന്തോറും വാഹനത്തിന്റെ വാല്യൂ കുറയ്ക്കാം.
ഫോർഡ് ഫ്രീസ്റ്റൈൽ
ഫിഗോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ പതിപ്പാണ് ഫ്രീസ്റ്റൈൽ. ഈ മോഡൽ വിൽപ്പനയുടെ കാര്യത്തിൽ അത്ര മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നില്ല.ഫോഡിന്റെ വാഹനങ്ങൾ ഓടിക്കാൻ രസകരമാണെന്ന് അറിയാമെങ്കിലും എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസൈൻ ശൈലി അതിന്റെ പ്രായം കാണിക്കാൻ തുടങ്ങി. ഇതുമൂലം, മൂന്ന് വർഷം പഴക്കമുള്ള ഡീസൽ എൻജിനുമായി വരുന്ന ഫ്രീസ്റ്റൈലിന്റെ റീസെയിൽ വാല്യൂ ഗണ്യമായി കുറയുന്നു.
ഹോണ്ട WR-V
ഹോണ്ടയുടെ WR-V ഒരു കോംപാക്ട് എസ്‌യുവിയേക്കാൾ ഒരു ക്രോസ്ഓവറാണ്. ഇത് ജാസ്സിന്റെ ജാക്കഡ്-അപ് പതിപ്പ് പോലെ കാണപ്പെടുന്നു. ഇലക്ട്രിക് സൺറൂഫിനൊപ്പം വന്ന ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി ആയിരുന്നതിനാൽ ഇത് ഉപഭോക്താക്കളുടെ ശ്രദ്ധ ആദ്യമേ പിടിച്ചുപറ്റി.എന്നിരുന്നാലും, ഇലക്ട്രിക് സൺറൂഫിന്റെ പ്രചാരണം അവസാനിച്ചതോടെ, WR-V വിൽപ്പന കുത്തനെ കുറഞ്ഞു. കൂടാതെ, മറ്റ് കോംപാക്ട് എസ്‌യുവികൾ കൂടുതൽ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. WR-Vക്ക് ഏറ്റവും കൂടുതൽ മൂല്യത്തകർച്ച ഉണ്ടായതിന് പിന്നിലെ ഒരു കാരണം കൂടിയാണിത്.
ടാറ്റ നെക്സോൺ
ഇന്ത്യൻ വിപണിയിൽ ന്യായമായ വിഹിതം പിടിച്ചെടുക്കാൻ നെക്സോൺ ടാറ്റ മോട്ടോർസിനെ സഹായിച്ചിട്ടുണ്ട്. കടുത്ത മത്സരത്തിലാണെങ്കിലും വാഹനത്തിന് നല്ല ഡിമാൻഡ് ഉണ്ട്. എന്നിരുന്നാലും, നെക്സോണിന്റെ പുനർവിൽപ്പന മൂല്യം മികച്ചതല്ല. മാനുവൽ ഗിയർബോക്സുള്ള പെട്രോൾ പതിപ്പുകളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും വ്യക്തമാണ്. പെട്രോൾ എഞ്ചിൻ എതിരാളികളെ പോലെ ശക്തമല്ല. എന്നാൽ രസകരമെന്നു പറയട്ടെ, AMT ഗിയർബോക്‌സുള്ള പെട്രോൾ എഞ്ചിൻ അതിന്റെ മൂല്യം നന്നായി നിലനിർത്തിയിട്ടുണ്ട്, കാരണം നഗരത്തിൽ കൂടുതലും വാഹനമോടിക്കുന്നവരും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സൗകര്യം ആഗ്രഹിക്കുന്ന ആളുകളും ഇത് പരിഗണിക്കുന്നു.