തിരുവല്ല : പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെത്തിയ മത്സ്യത്തൊഴിലാളികളുടെ അവസാന ബാച്ച് വള്ളങ്ങളും കൊല്ലത്തേക്കു മടങ്ങി. തിരുവല്ലയില്‍ നിന്നുള്ള നാലു വള്ളങ്ങളും ഇരുപതോളം മത്സ്യത്തൊഴിലാളികളുമാണ് അവസാനമായി നാട്ടിലേക്കു തിരികെപോയത്. കൊല്ലം നീണ്ടകരയില്‍ നിന്നെത്തിയ മത്സ്യതൊഴിലാളികളാണ് ഇവര്‍. വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്ന തിരുവല്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലാണു നാലു വള്ളങ്ങളും നിലയുറപ്പിച്ചിരുന്നത്. വള്ളങ്ങള്‍ നിലയുറപ്പിച്ച ഇടങ്ങളില്‍തന്നെ ഇവര്‍ക്കുവേണ്ട താമസസൗകര്യങ്ങളും ഭക്ഷണവും അധികൃതര്‍ ലഭ്യമാക്കിയിരുന്നു.
ജില്ലയുടെ രക്ഷയ്ക്കായി എത്തിയ അവസാന ബാച്ച് വള്ളക്കാരെയും തിരുവല്ല തഹസില്‍ദാര്‍ മിനി.കെ തോമസിന്റെ നേതൃത്വത്തിലാണു യാത്രയാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 25 വള്ളങ്ങളിലായി നൂറോളം മത്സ്യതൊഴിലാളികളാണു കൊല്ലം ജില്ലയില്‍ നിന്നും പ്രളയ മുന്‍കരുതല്‍ എന്ന രീതിയില്‍ ജില്ലയിലെത്തിയത്. പ്രളയഭീതി ഒഴിഞ്ഞതോടെ ഇതില്‍ ആറന്മുള, റാന്നി എന്നിവിടങ്ങളില്‍ എത്തിച്ച അഞ്ച് വീതം വള്ളങ്ങളും പന്തളത്ത് എത്തിച്ച നാലു വള്ളങ്ങളും തിരുവല്ലയില്‍ എത്തിച്ച 11 വള്ളങ്ങളില്‍ ഏഴു വള്ളങ്ങളും അവയിലെത്തിയ മത്സ്യ തൊഴിലാളികളും കഴിഞ്ഞ ദിവസം തിരികെ കൊല്ലത്തേക്ക് പോയിരുന്നു.