കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ ഉണ്ടായ ദുരന്തത്തിൽ മൂന്ന് ദിവസം നീണ്ട രക്ഷാ പ്രവർത്തനം സമ്മാനിച്ചത് സർവീസ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ എന്ന് അഗ്നി രക്ഷാസേന ടാസ്ക് ഫോഴ്സ് – എൻ ഡി ആർ എഫ് ഉദ്യോഗസ്ഥർ. തിങ്കളാഴ്ച ഉച്ചക്ക് ശേഷം പാറമടയിൽ ഉണ്ടായ ദുരന്തത്തിൽ തുടക്കം മുതൽ തന്നെ രക്ഷാ പ്രവർത്തനം ദുഷ്കരമായിരുന്നു. വലിയ പാറ കഷ്ണങ്ങൾ ഇടിഞ്ഞു വീണതിന് ഉള്ളിൽ എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നതായിരുന്നു രക്ഷാ പ്രവത്തകർക്ക് ഉണ്ടായ ഏറ്റവും വലിയ ആശങ്ക. മൂന്ന് പേരെ സ്ഥലത്ത് നിന്ന് മാറ്റിയ ശേഷം രക്ഷാ പ്രവർത്തനം ദുർഘടമാക്കി പാറ കഷ്ണങ്ങൾ കൂടുതൽ ഇടിഞ്ഞു. പിന്നീട് ഉള്ള രക്ഷാ പ്രവർത്തനങ്ങൾ നടത്തുവാൻ ഇരു സേനകളും കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തു. എന്നാൽ ഇതിന് ആവശ്യമായ യന്ത്ര സാമഗ്രികൾ കിട്ടാത്ത വന്നതോടെ പദ്ധതികൾ വീണ്ടും മാറ്റി ആസൂത്രണം ചെയ്യേണ്ടി വന്നു. ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന പാറക്കൂട്ടങ്ങൾക്ക് ഇടയിൽ നിന്ന് സേനാ അംഗങ്ങൾക്ക് ഒരു പോറൽ പോലും സംഭവിക്കാതെ എങ്ങനെ രക്ഷപെടുത്തും എന്നതായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ ആശങ്ക.
ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥനായ അമൽ ആണ് ബീഹാർ സ്വദേശി അജയ്റായി യുടെ മൃതദേഹം കണ്ടെത്തിയത്. എസ്‌കവേറ്റർ ക്യാബിനുള്ളിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം എന്നും മൂക്കിൽ നിന്നും ചെവിയിൽ നിന്നും ചോര ഒഴുകി ഇറങ്ങിയതായും രക്ഷാ പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർ പറയുന്നു. മൃതദേഹത്തിന് ചുറ്റും പാറ കഷ്ണങ്ങൾ നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു. രക്ഷാ പ്രവർത്തനം ദുഷ്കരമായതോടെ വലിയ എസ്‌കവേറ്റർ എത്തിച്ച് പാറ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ മരണപെട്ട ബീഹാർ സ്വദേശി അജയ്റായിയുടെയും സഹായി മഹാദേവ് പ്രധാനിന്റെയും മൃതദേഹങ്ങൾ പുറത്തെടുത്തത് മാത്രമല്ല രക്ഷാ പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർക്ക് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷാ ദൗത്യം പൂർത്തീകരിക്കുവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് അഗ്നി രക്ഷാ സേനയും എൻ ഡി ആറ് എഫ് ഉം. ജില്ലാ കളക്റ്റർ എസ് പ്രേം കിഷോർ ഐ എ എസ്, ഡെപ്യൂട്ടി കളക്റ്റർ ജ്യോതി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്റ്റർ ജ്യോതി ലക്ഷ്മി, കോന്നി തഹൽസീദാർ സന്തോഷ് എന്നിവരുടെ നിർദേശാനുസരണം എൻ ഡി ആർ എഫ് നാലാം ബെറ്റാലിയൻ കമാണ്ടർ സഞ്ജയ് സിംഗ് മൽസൂനിയുടെ നേതൃത്വത്തിൽ ഉള്ള 27 അംഗ സംഘവും ജില്ലാ ഫയർ ഓഫീസർ ബി എം പ്രതാപ് ചന്ദ്രൻ, അസിസ്റ്റന്റ് ഫയർ ഓഫീസർ സാബു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ടാസ്ക് ഫോഴ്‌സും ആണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.