ബെംഗളൂരു : വിവാഹവാര്‍ഷികത്തിന് സമ്മാനം നല്‍കാത്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു ബെല്ലന്ദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 37-കാരനാണ് കുത്തേറ്റത്. സംഭവത്തില്‍ 37-കാരിയായ ഭാര്യയ്‌ക്കെതിരേ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. ഫെബ്രുവരി 27-ാം തീയതി പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ 1.30-ഓടെയാണ് ഭാര്യ തന്നെ ആക്രമിച്ചതെന്നാണ് ഭര്‍ത്താവിന്റെ മൊഴി. കറിക്കത്തി കൊണ്ട് കൈയിലാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ഞെട്ടി എഴുന്നേറ്റ താന്‍ കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നതിന് മുമ്പ് ഭാര്യയെ തള്ളിമാറ്റി. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും ഭര്‍ത്താവ് പോലീസിനോട് വ്യക്തമാക്കി. കുടുംബപ്രശ്‌നങ്ങളും വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവ് സമ്മാനം വാങ്ങിനല്‍കാത്തതുമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.