കൊച്ചി : വഞ്ചിനാട് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് ( Vanchinad Finance Private Limited) പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വഞ്ചിനാട് ഫിനാൻസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. 2016 ൽ ആർബിഐ പുറപ്പെടുവിച്ച ‘നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC ) നോൺ-സിസ്റ്റമിക്കലി ഇംപോർട്ടന്റ് നോൺ-ഡെപ്പോസിറ്റ് ടേക്കിംഗ് കമ്പനി നിർദ്ദേശങ്ങൾ, 2023 ലെ ‘മാസ്റ്റർ ഡയറക്ഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി-സ്കെയിൽ ബേസ്ഡ് റെഗുലേഷൻ) നിർദ്ദേശങ്ങൾ എന്നിവയിലെ വ്യവസ്ഥകൾ പാലിക്കാത്തതിന് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ 58G(1)(b) സെക്ഷൻ 58B(5)(aa) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്.
മാതൃ കമ്പനിക്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലും മറ്റു ചില പ്രവർത്തനങ്ങളിലും ആർബിഐയുടെ നിർദ്ദേശങ്ങൾ കമ്പനി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിനുള്ള കമ്പനിയുടെ മറുപടിയും വ്യക്തിഗത ഹിയറിംഗിനിടെ നൽകിയ വിശദീകരണവും പരിഗണിച്ചതിന് ശേഷമാണ് മാതൃ കമ്പനിക്ക് നിർദ്ദിഷ്ട ഡിവിഡന്റ് പേഔട്ട് അനുപാതത്തേക്കാൾ കൂടുതലായി ലാഭവിഹിതം പ്രഖ്യാപിച്ചതിന് വഞ്ചിനാട് ഫിനാൻസിന് ആര്‍ബിഐ പിഴ ചുമത്തിയത്.