കൊല്ലം : ആശ്രമം ഇ.എസ്.ഐ ആശുപത്രിക്ക് സമീപം റസിഡന്‍ഷ്യല്‍ വില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സീരിയല്‍ ഷൂട്ടിംഗ് നടത്തുന്നതായി പരാതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന കോവിഡ് ചട്ടം ലംഘിച്ച് 50 ഓളം പേര്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
ഞായറാഴ്ച തുടങ്ങിയ ഷൂട്ടിംഗിലെ ആള്‍ക്കൂട്ടത്തെ കണ്ട് റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊല്ലം ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം ആദ്യം 20 പേരില്‍ കൂടുതല്‍ സ്ഥലത്ത് നില്‍ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി മടങ്ങി. പിന്നീട് തിരികെയെത്തിയ പോലീസുകാര്‍ സീരിയില്‍ ഷൂട്ടിംഗിന് പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ടെന്നും സമീപത്തെ വീട്ടുകാരാരും പുറത്തിറങ്ങരുതെന്നും ഭീഷണിപ്പെടുത്തിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഷൂട്ടിംഗ് നടക്കുന്നയിടത്ത് എപ്പോഴും 20 ഓളം കാറുകള്‍ ഉണ്ടാകുമെന്നും അന്യജില്ലകളില്‍ നിന്ന് വരുന്ന കാറുകളില്‍ ഒന്നിലധികം പേരാണ് എത്തുന്നതെന്നും കാട്ടി മാമന്‍ ഗാര്‍ഡന്‍സ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.