തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി. വിതുര മണലിയിലാണ് കാട്ടാനയും കാട്ടുപോത്തും ആദിവാസി മേഖലയില്‍ ഇറങ്ങുന്നത്. വൈകിട്ടോടെയാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം കാട്ടാന ആദിവാസി മേഖലയായ മണലി ദേവീ ക്ഷേത്രത്തിന് സമീപം ബാഹുലേയന്റെ പുരയിടത്തിലെ പ്ലാവ് മറിച്ചിട്ടു. മണലി, തലത്തുതക്കാവ് മേഖലയിലാണ് കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് കാട്ടാന സ്‌കൂളിലെ മതില്‍ തര്‍ത്തിരുന്നു. വീടുകള്‍ക്കുനേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്.
അതേസമയം മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികള്‍ക്ക് കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ ഇന്ന് എംപിമാരുടെ യോഗത്തില്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കാര്യങ്ങളില്‍ പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ലഘൂകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന നിയമ ഭേദഗതി അടിയന്തിരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.