കൊല്ലം : ഡെങ്കിപ്പനി പടര്‍ന്ന് അഷ്ടമുടിക്കായലിലെ മൂന്നു ദ്വീപുകളിലെ നിവാസികള്‍ ആശുപത്രിയില്‍. അഷ്ടമുടിക്കായലിലെ സെയ്ന്‍റ് തോമസ്, സെയ്ന്‍റ് ജോര്‍ജ്, ഫാത്തിമ ദ്വീപുകളിലും ഇവിടേക്കുള്ള കവാടമായ മുക്കാട്ടും പരിസരത്തുമെല്ലാമാണ് ഡെങ്കി പടര്‍ന്നിരിക്കുന്നത്. സെയ്ന്‍റ് തോമസ് ദ്വീപിലെ 100 കുടുംബങ്ങളില്‍ 50 കുടുംബങ്ങളും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുണ്ട്.
20 കുടുംബങ്ങള്‍ അഞ്ചാലുംമൂട്ടിലെ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് സെയ്ന്‍റ് തോമസ് ദ്വീപ് നിവാസിയായ ജോസ് പറഞ്ഞു. ഗുരുതരമായനിലയില്‍ നാലുപേരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ഡെങ്കി ബാധിച്ച് ഒക്ടോബറില്‍ 110 പേരെ നഗരത്തിലെ എ.ജി.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇവിടത്തെ ഡോ. ജോര്‍ജ് ചാക്കോ പറഞ്ഞു. ഇത് ഗുരുതരമായ അവസ്ഥയാണ്. മുമ്പത്തെക്കാള്‍ കഠിനമായ രോഗലക്ഷണങ്ങളാണുള്ളത്. ചിലര്‍ക്ക് ഹൃദയത്തിനു പ്രശ്‌നമുണ്ടാകുന്നുണ്ട്. ഡെങ്കി കാരണം അപസ്മാരലക്ഷണങ്ങളും മരുന്നുകൊടുത്തിട്ടും നില്‍ക്കാത്ത രീതിയില്‍ ഛര്‍ദിയും കാണുന്നുണ്ട്. നേരത്തേ അഞ്ചുദിവസംകൊണ്ട് ആശ്വാസം കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഏഴുമുതല്‍ പത്തുവരെ ദിവസമെടുക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.