ന്യൂഡൽഹി : ഉദ്യോഗസ്ഥരുമായി നേരിട്ട് കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്ത ലെഫ്.ഗവർണർ അനിൽ ബൈജാലിനെതിരേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും മന്ത്രിമാരുമുള്ളപ്പോൾ അവരെ ഒഴിവാക്കി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നത് ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നും ജനാധിപത്യത്തെ ബഹുമാനിക്കാൻ തയ്യാറാകണമെന്നുമാണ് ഗവർണറോട് കെജ്രിവാൾ ആവശ്യപ്പെട്ടത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനാധിപത്യ പ്രിക്രിയയിൽ ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിമാരാണ് ഡൽഹിയിലുള്ളത് താങ്കൾക്ക് എന്ത് കാര്യത്തിൽ സംശയമുണ്ടെങ്കിലും മന്ത്രിമാരോട് ചോദിക്കാം. ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തുന്നത് ഒഴിവാക്കണം. ജനാധിപത്യത്തെ ബഹുമാനിക്കണം സർ – കെജ്രിവാൾ ട്വീറ്റ് ചെയ്തു.
അനിൽ ബൈജാലിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് കെജ്രിവാൾ രംഗത്ത് വന്നത്. ഡൽഹിയിലെ കോവിഡ് സ്ഥിഗതികളും പ്രതിരോധ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുവെന്നായിരുന്നു അനിൽ ബൈജാൽ ട്വീറ്റ് ചെയ്തത്.