ഇരവിപേരൂർ : ഇരവിപേരൂരിൽ പത്തുവാർഡുകൾ കൺടെയ്ൻമെന്റ് സോണായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പച്ചക്കറി, പലവ്യഞ്ജനം, പാൽ, പഴം തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തിങ്കളാഴ്ചമുതൽ രാവിലെ ഏഴുമുതൽ രണ്ടുവരെ പ്രവർത്തിക്കും. ഇങ്ങനെ തുറക്കുന്ന കടകളുടെ മുമ്പിൽ ആൾക്കൂട്ടം പാടില്ല. മാസ്‌ക് ശരിയായി ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിൽക്കുന്നവർക്കെതിരേ നടപടിയുണ്ടാകും. ബാങ്കുകളും രണ്ടുമണിവരെയേ പ്രവർത്തിക്കാവൂ. തട്ടുകടകൾ അടക്കം വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു. പഞ്ചായത്തിൽ വീണ്ടും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
ആരോഗ്യപ്രവർത്തക ഉൾപ്പെടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടുവാർഡുകൾ നേരത്തെ മൈക്രോ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിലെ 4, 5, 7, 8, 10, 12, 13, 14, 15, 17 എന്നീ വാർഡുകളാണ് കൺടെയ്ൻമെന്റ് സോണുകൾ. ഇത്രയും വാർഡുകളിൽ പരിശോധനകളും വ്യാപകമാക്കി. കുടുംബാരോഗ്യകേന്ദ്രത്തിന് പുറമേ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന ക്യാമ്പുകൾ നടത്തി കോവിഡ് മുക്തമാണെന്ന് ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് ആരോഗ്യപ്രവർത്തകർ.
സെപ്റ്റംബർ ഒന്നിന് 29 പേർക്കും രണ്ടിന് 38 പേർക്കും മൂന്നിന് 19 പേർക്കും നാലിന് 20 പേർക്കും കോവിഡ് പോസിറ്റീവായിരുന്നു. 18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യഡോസ് കോവിഡ് വാക്‌സിൻ 100 ശതമാനം നടത്തിയിരുന്നു. രണ്ടാമത്തെ ഡോസ് 60 ശതമാനം ആളുകൾക്ക് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ള അറിയിച്ചു.