കോന്നി : വനംവകുപ്പിന്റെ അരുവാപ്പുലം തടിഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വില്പന 15 ന് ആരംഭിക്കും. വൻകിട കച്ചവടക്കാർ പങ്കെടുക്കുന്ന ഇ ലേലത്തിന് പുറമെയാണിത്. പൊതുജനങ്ങൾക്കായി രണ്ട് ബി, മൂന്ന് ബി ഇനം തേക്കുതടികളാണ് വില്പനയ്ക്കുള്ളത്. സംസ്ഥാനത്തുതന്നെ ഒന്നാമതുള്ള ഡിപ്പോയാണിത്. ലേലത്തിലൂടെ കോടികളാണ് വരുമാനം. കോന്നി- അച്ചൻകോവിൽ റോഡരികിലാണ് ഡിപ്പോ. വനംവകുപ്പിന്റെ പുനലൂർ ടിമ്പർ ഡിവിഷന്റെ കീഴിലുള്ള ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലുതാണിത്.
പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് മറ്റ് ഡിപ്പോകൾ. മാസത്തിൽ രണ്ട് ലേലമുണ്ടാകും. വനം വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുമ്പ് നട്ട തേക്കുകളാണ് തീർത്തുവെട്ട് നടത്തുന്നത്. സംസ്ഥാനത്തിെന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ ഇവിടെയെത്തും. ഇപ്പോൾ ഇ ലേലമാണ്. കോന്നി, മണ്ണാറപ്പാറ, നടുവത്തുമുഴി റേഞ്ചുകളിലെ തടികളാണ് ലേലത്തിനായി എത്തുന്നത്. മുമ്പ് തടികൾ അട്ടിവെച്ചിരുന്നത് ആനയെ ഉപേയോഗിച്ചായിരുന്നു. ഇപ്പോൾ ട്രാക്ടറിന്റെ സഹായത്തോടെയാണ് അട്ടിവെയ്ക്കുന്നത്. 40 തൊഴിലാളികൾ ടേൺ അടിസ്ഥാനത്തിൽ പണിയെടുക്കുന്നുണ്ട്.