കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം ഇനിയും നല്‍കാതെ വന്നതോടെ ഏറ്റുമാനൂര്‍ ലേബര്‍ കോടതി ഉത്തരവ് അനുസരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്തു. അഞ്ചു വര്‍ഷത്തിലേറെയായി സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് ആനൂകൂല്യങ്ങള്‍ ഒന്നും നല്‍കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ തൊഴിലാളികള്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ജപ്തിയിലേയ്ക്കു കടന്നിരിക്കുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ച 110 തൊഴിലാളികളില്‍ 35 പേരാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. ട്രാവന്‍കൂര്‍ സിമന്റ്സില്‍ സര്‍വീസില്‍ നിന്നും വിരമിച്ച തൊഴിലാളികള്‍ നേരത്തെ ഏറ്റുമാനൂര്‍ ലേബര്‍ കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനൂകൂല്യങ്ങള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ഇത് നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഇതേ തുടര്‍ന്നു ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ സ്ഥലം എറണാകുളം ജില്ലാ കളക്ടറുടെ പരിധിയിലായതിനാല്‍ കോട്ടയം കളക്ടര്‍ നിര്‍ദേശം എറണാകുളത്തിനു കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്ഥലം ജപ്തി ചെയ്തിരിക്കുന്നത്. നൂറില്‍ അധികം ജീവനക്കാര്‍ ആണ് ഇത് വരെ സര്‍വീസില്‍ നിന്നും വിരമിച്ചത്. ഇതില്‍ 35 പേരാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 45 ഓളം ജീവനക്കാരുടെ കേസ് ലേബര്‍ കോടതി പരിഗണിച്ചു വരുന്നു. നേരത്തെ വിരമിച്ച ആളുകളില്‍ ഇരുപതില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുവരെയും വിരമിക്കല്‍ ആനൂകൂല്യങ്ങള്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു.
എന്നാല്‍, ഇതില്‍ 1.29 കോടി രൂപ മാത്രമാണ് ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ക്കായി മാറ്റി വച്ചത്. ബാക്കി തുക മറ്റ് ചിലവുകള്‍ക്ക് വിനിയോഗിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചു കമ്പനിയുടെ സ്ഥലം ജപ്തി ചെയ്ത് അനൂകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തരവുണ്ടായിരിക്കുന്നത്. കമ്പനിയുടെ പേരിലുള്ള ഏക സഥലമാണ് ഇത്. വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ കൂടാതെ വന്‍ ബാധ്യതകളാണ് കമ്പനിയ്ക്കുള്ളത്. ഈ ബാധ്യതകള്‍ നല്‍കുന്നതിനാണ് കമ്പനി മാനേജ്മെന്റിനും താല്പര്യമെന്നും ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ ജപ്തി നടപടിയിലേയ്ക്കു കടന്നിരിക്കുന്നതെന്നും ടി സി എല്‍ റിട്ടയര്‍ഡ് എംപ്ലോയീസ് ഫോറം ഭാരവാഹികളായ പി സനല്‍ കുമാര്‍, എം ആര്‍ ജോഷി എന്നിവര്‍ പറഞ്ഞു.