ന്യൂഡല്‍ഹി: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുളള വരുടെതു പോലെ തങ്ങള്‍ക്കും വിരമിക്കല്‍ പ്രായം 60 ആക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനാണ് കേസ് പരിഗണിച്ച ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച തങ്ങള്‍ക്കും പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം ലഭിക്കണമെന്നും ഇവരുടെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തി കേരള സര്‍വീസ് ചട്ടത്തില്‍ വരുത്തിയ ഭേദഗതി വിവേചന പരമാണെന്നും കാട്ടിയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ടി.കെ മൂസ, സാജു നമ്പാടന്‍ എന്നിവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്ത പെന്‍ഷനെ കുറിച്ചുളള നിലപാട് അറിയിക്കേണ്ടിവരും. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.രാജീവ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം അറുപതാണെന്ന് കോടതിയില്‍ വാദിച്ചു. 2013 ഏപ്രില്‍ 1ന് നിലവില്‍ വന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പെട്ടവരുടെ പെന്‍ഷന്‍ തുകയില്‍ 10 ശതമാനം ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്. തത്തുല്യമായ തുക സര്‍ക്കാരും നിക്ഷേപിക്കുന്നുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുന്നതിന് നിലവിലെ സര്‍ക്കാര്‍ റിട്ട: ജില്ലാജഡ്‌ജി സതീഷ്ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു.