റാന്നി : വിചിത്രമായ തീരുമാനം മൂലം ആംബുലന്‍സ് അടക്കം കുരുക്കില്‍ പെടുന്ന അവസ്ഥ.റാന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലാണ് വിചിത്രമായ തീരുമാനം വഴി വാഹനങ്ങള്‍ വഴിയില്‍ പെടുന്നത്. ആശുപത്രിയുടെ മുന്നിലെ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഇരുമ്പു വേലി നിര്‍മ്മിച്ചതാണ് പൊല്ലാപ്പായത്. ഇതു വരെ പാര്‍ക്ക് ചെയ്ത വശത്ത് ഇരുമ്പു വേലി ആയതോടെ ഇരുചക്ര വാഹനങ്ങള്‍ റോഡിന് മറുവശത്താക്കി പാര്‍ക്കിംഗ്. ഇതോടെ രണ്ടു വാഹനങ്ങള്‍ ഒരുമിച്ചെത്തിയാല്‍ കുരുങ്ങുമെന്നതായി അവസ്ഥ.
ഇരുമ്പുവേലി ഒരു വശത്തും മറുവശത്ത് വാഹനങ്ങളും എന്നതായതോടെ വാഹനങ്ങള്‍ കുരുങ്ങുന്നത് പതിവായി. ആശുപത്രിയില്‍ രോഗിയുമായി എത്തുന്ന വാഹനങ്ങള്‍ക്ക് പഴയ ചന്തയിലും ആശുപത്രിയുടെ പിന്നിലായും പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുചക്ര വാഹനങ്ങളുമായി എത്തുന്നവര്‍ റോഡരികിലെ വാഹനം പാര്‍ക്കു ചെയ്യൂ. ഇതുവഴിയുള്ള റോഡ് മുണ്ടപ്പുഴ ഭാഗത്തേക്കും പോകുന്നതാണ്. ഇത് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനും ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഇരുമ്പുവേലി സ്ഥാപിച്ചത്. ഫലത്തില്‍ ഇതും പ്രശ്നമായി മാറിയിരിക്കുകയാണ്.