കൊച്ചി : ബ്യൂട്ടിപാർലർ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ഈ മാസം 22 വരെ റിമാൻഡ് ചെയ്തു. ഇന്നു രാത്രി രവിപൂജാരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ചോദ്യം ചെയ്യലുമായി രവിപൂജാരി പൂർണ്ണമായും സഹകരിച്ചെന്നും കേസിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്നും അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു.
എടിഎസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കേരളത്തിൽ ക്വട്ടേഷൻ നടപ്പാക്കിയവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് രവി പൂജാരിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് രവിപൂജാരി തന്നെയെന്ന് നടി ലീന മരിയ പോളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രതിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ട് നൽകിയത്.