പത്തനംതിട്ട : ജനാധിപത്യസംവിധാനത്തില്‍ വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടന്ന വോട്ടര്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ് വോട്ടവകാശം. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വോട്ടര്‍മാരാണ്. വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വോട്ടിംഗിലും പങ്കാളികളാകണം. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ടു ചെയ്യുന്നതിന്റെ ആവശ്യകതയും സംബന്ധിച്ചു വിദ്യാര്‍ഥികളോട് കളക്ടര്‍ സംവദിച്ചു.
സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ് 2023) ന്റെ ഭാഗമായി ഇലക്ടറല്‍ ലിറ്ററസി ക്ലബും ജില്ലാ ഇലക്ഷന്‍ വിഭാഗവും ചേര്‍ന്നാണ് വോട്ടേഴ്സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ 18,19 വയസുള്ള വിദ്യാര്‍ഥികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മുസലിയാര്‍ എഡ്യുക്കേഷന്‍ ട്രെസ്റ്റ് ചെയര്‍മാന്‍ പി ഐ ഷരീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇലക്ഷന്‍വിഭാഗം ഉദ്യോഗസ്ഥന്‍ അന്‍വര്‍ സാദത്ത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളകടര്‍ ആര്‍ രാജലക്ഷ്മി, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി ബിനുരാജ്, കോളജ് പ്രിന്‍സിപ്പല്‍ എ എസ് അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.