തിരുവനന്തപുരം : ജയിൽമേധാവി ഋഷിരാജ് സിങ്ങിന്റെ പേരിൽ വ്യാജ ഫേയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം. തിരുവനന്തപുരം ദിവ്യപ്രഭ ആശുപത്രിയിലെ ഡോ.ദേവിൻ പ്രഭാകറിൽനിന്ന് 15,000 രൂപ തട്ടാനാണ് ശ്രമിച്ചത്. തന്റെപേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയതിനെതിരേ ഋഷിരാജ് സിങ്ങിന്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.
ഋഷിരാജ് സിങ് എന്ന വ്യാജ പ്രൊഫൈലിൽനിന്നാണ് ദേവിൻ പ്രഭാകറിന് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇത് സ്വീകരിച്ച ഉടൻ മെസഞ്ചറിലെത്തിയ വ്യാജൻ ഡോക്ടറോട് 15,000 രൂപ നൽകാൻ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ ഡോക്ടർ ഇക്കാര്യം ഉടൻ ജയിൽ മേധാവിയെ അറിയിച്ചു. തുടർന്ന് വ്യാജ പ്രൊഫൈലുകാരന് പണം നൽകാമെന്ന് ഡോക്ടർ ഉറപ്പുനൽകി. ഗൂഗിൾ പേയിലൂടെ പണം നൽകിയാൽ മതിയെന്നുപറഞ്ഞ് അയാൾ അക്കൗണ്ട് നമ്പറും ഫോൺ നമ്പറും നൽകി. തുടർന്ന് ഒരുരൂപ ഡോക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
തന്റെ പേരുള്ള ഒരു വ്യാജ പ്രൊഫൈലുണ്ടെന്ന കാര്യം ഋഷിരാജ് സിങ് നേരത്തേ ഫേയ്സ്ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് ഡോ. ദേവിന് സംശയമുണ്ടാകാൻ കാരണം. വ്യാജപ്രൊഫൈലുണ്ടാക്കിയയാൾ അസം സ്വദേശിയാണെന്ന് കണ്ടെത്തിയതായി ഋഷിരാജ് സിങ് പറഞ്ഞു. കാര്യം അസം ഡി.ജി.പി.യെ അറിയിച്ചിട്ടുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു. നിലവിൽ ഇയാൾ ഉത്തർപ്രദേശിലാണുള്ളത്.