ന്യൂഡല്‍ഹി : കോവിഡ് ബാധിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ആദ്യ രണ്ടാഴ്ചകളില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതകള്‍ മൂന്നിരട്ടിയാണെന്ന് സ്വീഡനില്‍ നടന്ന പഠനം. 2020 ഫെബ്രുവരി 1നും സെപ്റ്റംബര്‍ 14നും ഇടയില്‍ കോവിഡ് ബാധിതരായ 86,742 പേരിലും കോവിഡ് ബാധിക്കാത്ത 3,48,481 പേരിലും നടത്തിയ താരതമ്യ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.
ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും അപകട സാധ്യത വര്‍ധിപ്പിക്കുന്ന സഹരോഗാവസ്ഥകള്‍, പ്രായം, ലിംഗപദവി, സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ തുടങ്ങിയവയില്‍ വ്യത്യാസം വരുത്തി നോക്കുമ്പോഴും കോവിഡ് രോഗികളില്‍ അപകട സാധ്യത മാറ്റമില്ലാതെ തുടരുന്നതായും സ്വീഡനിലെ ഉമിയ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ലാന്‍സെറ്റ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
ഹൃദയാഘാതം പോലുള്ളവയ്ക്ക് സാധ്യത കൂടിയ മുതിര്‍ന്നവര്‍ക്ക് കോവിഡ്19 വാക്സിനേഷന്‍ നല്‍കേണ്ടതിന്‍റെ പ്രാധാന്യം പഠനം അടിവരയിടുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഉമിയ സര്‍വകലാശാലയിലെ ഇയോന്നിസ് കട്സുലാരിസ് പറയുന്നു.
സ്വീഡനിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെയും സ്റ്റാറ്റിസ്റ്റിക്സ് സ്വീഡന്‍റെയും നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയറിന്‍റെയും ഡേറ്റകള്‍ പഠനത്തിനായി ഉപയോഗപ്പെടുത്തി. മുന്‍പ് ഹൃദയാഘാതമോ പക്ഷാഘാതമോ വന്നിട്ടുള്ള രോഗികളെ കണ്ടെത്തി പഠനത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായും ഗവേഷകര്‍ പറഞ്ഞു. കാരണം ഹൃദയാഘാത, പക്ഷാഘാത ചരിത്രമുള്ളവരില്‍ സാധാരണ ഗതിയില്‍ തന്നെ കോവിഡ് മൂലം ഇവ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്.