കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയാലും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ദീർഘകാലത്തേക്ക് രോഗികളെ അലട്ടുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്ന പ്രശ്‌നമാണ് കൊവിഡാനന്തരം സംഭവിക്കുന്ന ഹൃദയാഘാതവും ഹൃദ്രോഗവും ഇവ മൂലമുള്ള മരണവും. കൊവിഡ് ഭേദമായ ചിലരിൽ ഒരു വർഷത്തിന് ശേഷം ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കയിൽ നിന്നുള്ള ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് കൊവിഡ് ഭേദമായ ചിലരിൽ രോഗമുക്തിക്ക് ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നത് ?.
വൈറസ് രക്തകോശങ്ങളെ ബാധിക്കുന്നതിനാലും ഹൃദയപേശികളെ തകരാറിലാക്കുന്നതിലുമെല്ലാമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിവിധ പഠനങ്ങൾ പറയുന്നു. രണ്ടാം തരംഗത്തിനിടയിൽ രോഗം ബാധിച്ചവർ ഹൃദയപേശികളിൽ വീക്കം, ഹൃദയാഘാതം, ഹൃദയമിടിപ്പ് ക്രമരഹിതമായി ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്നങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ഡോക്ടർമാർ ചെയ്യുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തവരിൽ പോലും അപകടസാധ്യതകൾ കൂടുതലാണെന്നും യുഎസ് പഠനം വ്യക്തമാക്കുന്നു. സാർസ് കോവ് 2 അണുബാധയ്ക്ക് ശേഷം ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി ഗവേഷകർ പറയുന്നു.
65 വയസ്സിന് താഴെയുള്ളവർക്കും പൊണ്ണത്തടി അല്ലെങ്കിൽ പ്രമേഹം പോലുള്ള അസുഖങ്ങൾ ഇല്ലാത്തവർക്ക് പോലും അപകടസാധ്യത ഉയർന്നതായി ഡോക്ടർമാർ പറയുന്നു. ഹൃദയസ്തംഭനത്തിനുള്ള സാധ്യത 72 ശതമാനം വർദ്ധിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശനം ഒഴിവാക്കുന്ന ആളുകൾക്ക് പോലും അപകടസാധ്യത കൂടിയിട്ടുണ്ട്. കൊവിഡ് ഭേദമായി ചിലരിൽ ഉണ്ടാകുന്ന ഹൃദയ സംബന്ധമായ സങ്കീർണതകൾ വളരെക്കാലം നീണ്ടുനിൽക്കുമെന്ന ഈ കണ്ടെത്തലുകൾ അത്ഭുതപ്പെടുത്തുന്നുവെന്ന് ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഹുസൈൻ അർദെഹലി പറഞ്ഞു.