ഈരാറ്റുപേട്ട : വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന കേന്ദ്രമാണ് മാർമല അരുവി. കണ്ണുകൾക്ക് കുളിർമയേകുന്നതാണ് തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിലെ വെള്ളച്ചാട്ടം. മനോഹാരിത പോലെതന്നെ അപകടസാധ്യത ഏറെയുണ്ട് ഇവിടെ. ശക്തമായ വെള്ളച്ചാട്ടത്തെ തുടർന്ന് പാറ കുഴിഞ്ഞുണ്ടായ തടാകത്തിന് 30 അടി ഓളം താഴ്ചയുണ്ട്. പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്.
മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ വെള്ളച്ചാട്ടത്തിന് 40 അടി ഉയരമുണ്ട്. പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാബോർഡുകൾ അവഗണിക്കുന്നതാണ് പ്രധാനമായും അപകടകാരണം. അപകത്തിൽപ്പെടുന്നവർക്ക് സഹായം കിട്ടുന്നതിനും ഇവിടെ താമസം നേരിടുന്നുണ്ട്.
ധാരാളം സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാക്രമീകരണങ്ങളോ ഇവിടെയില്ല. തടാകങ്ങളിൽ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. വിനോദസഞ്ചാരത്തിന് എത്തുന്നവർ വെള്ളത്തിലിറങ്ങാതെ നോക്കണം. ശക്തമായ തണുപ്പ് കൈകാലുകൾ കോച്ചിപ്പിടിക്കുന്നതിന് കാരണമാണ്. ഇതാണ് വിനോദസഞ്ചാരികളെ അപകടത്തിലെത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.