ചുങ്കപ്പാറ: ജംങ്ഷനു സമീപത്തുകൂടി നിരവധി കൈതോടുകൾ ചേർന്ന് ഒഴുകുന്ന പ്രധാന തോടായ ഊരുകുഴി തോട് സംരക്ഷിക്കുന്നതിന് നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. തോട്ടിൽ നിറയെ മാലിന്യവും മറ്റ് ചപ്പുചവറുകളും നിറഞ്ഞിരിക്കുകയാണ്. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സമീപത്തെ വീടുകളില്‍ നിന്നും മത്സ്യ-മാംസാവശിഷ്ടങ്ങള്‍ ഈ തോട്ടിലാണ് തള്ളുന്നത്. പത്ത് മീറ്ററിലധികം വീതിയുണ്ടായിരുന്ന ഊരുകുഴി തോടിനിപ്പോൾ രണ്ട് മീറ്റർ പോലും വീതിയില്ല. സ്വകാര്യ വ്യക്തികൾ കെട്ടിയെടുത്ത് തോടിന്റെ വീതി കുറഞ്ഞു. മാലിന്യം നിറഞ്ഞതോടെ നീരൊഴുക്കുo തടസ്സപ്പെട്ട് പലയിടത്തും മലിനജലം കെട്ടികിടക്കുകയാണ്.
ചെറിയ മഴ പെയ്താൽപോലും തോടിന്റെ സമീപങ്ങളിൽ താമസിക്കുന്ന വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയിലുമെത്തി. ഇതുമൂലം നിരവധി കുടിവെള്ള സ്രോതസുകളാണ് മലിനമാകുന്നത്. അധികൃതരുടെ അനാസ്ഥയാണ് തോട് നശിക്കുന്നതിന് പ്രധാന കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. തോട് കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി ഉത്തരവ് വന്നിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാല്‍ തോട് അളന്ന് തിട്ടപ്പെടുത്തുന്ന ജോലി പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
ഊരുകുഴി തോട് ബഹുജന പങ്കാളിത്തതോടെ സംരക്ഷിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് നടപടി സ്വീകരിച്ചിരുന്നു. തോടിന്റെ വീതിയും ആഴവും വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. നൂറുകണക്കിന് ആൾക്കാർ കുളിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനും മറ്റും ആശ്രയിച്ചിരുന്ന ഊരുകുഴി തോട്ടിൽ ഇന്ന് കാലു കുത്താൻ പോലും ജനങ്ങൾ ഭയക്കുകയാണ്. മാലിന്യവാഹിനിയായ ഊരുകുഴി തോട് സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.