ഇന്ത്യന്‍ വിപണിയിലെത്തുന്ന മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായ ചില ഫീച്ചറുകളോടെ എത്തുന്ന റിവോട്ട് NX100 എന്ന ഇലക്ട്രിക് സ്‌ക്കൂട്ടറിനെ കുറിച്ച് കൂടുതൽ അറിയാം. നിലവില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ ട്രെന്‍ഡാണ്. ഇന്ധനച്ചെലവും അറ്റകുപ്പണികളും കുറവാണന്ന മെച്ചങ്ങള്‍ക്ക് പുറമെ പരിസ്ഥിതി സൗഹൃദം കൂടി ആയതിനാല്‍ ഉപഭോക്താക്കള്‍ കൂടുതലായി ഇലക്ട്രിക് ടൂവീലറുകളിലേക്ക് തിരിയുന്നുണ്ട്. അതില്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ ജനപ്രിയം. കുറഞ്ഞ വിലയില്‍ കിടിലന്‍ ഫീച്ചറുകളുള്ള ഉല്‍പ്പന്നങ്ങളുമായി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഈ മേഖല കൈയ്യടക്കാനെത്തുന്നതോടെ മത്സരം അനുദിനം കടുക്കുകയാണ്.
കര്‍ണാടകയിലെ ബെലഗാവി ആസ്ഥാനമായുളള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് റിവോട്ട് മോട്ടോര്‍സ്. കമ്പനി നിര്‍മിക്കുന്ന NX100 ഇലക്ട്രിക് സ്‌കൂട്ടറിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. ഇവി വിപണിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിറയെ സവിശേഷതകളുള്ള ഈ സ്‌കൂട്ടര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. റിവോട്ട് മോട്ടോര്‍സ് നല്ല സ്‌റ്റൈലായി തന്നെ അണിയിച്ചൊരുക്കിയ NX100 ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്ടോബര്‍ 23-ന് വിപണിയിലെത്തും. അന്ന് തന്നെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ജാലകം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നഗരത്തിലെ ഉപയോഗം കൂടുതല്‍ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിവോട്ട് മോട്ടോര്‍സ് പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. കമ്പനി നല്‍കുന്ന വിവരം അനുസരിച്ച് NX100 ഫുള്‍ ചാര്‍ജില്‍ 280 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു.
നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാളും ഉയര്‍ന്ന റേഞ്ചാണിത്. 5.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആണ് റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറിന് ഹൈ-റേഞ്ച് ലഭിക്കാന്‍ കാരണമാകുന്നത്. മിഡ്‌ഡ്രൈവ് മോട്ടോറുകളാണ് ഇവിയില്‍ റിവോട്ട് മോട്ടോര്‍സ് ഉപയോഗിക്കുന്നത്. 6 kWh പവറും 150 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന IP67 റേറ്റുചെയ്ത ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. IP67 റേറ്റിംഗ് കാരണം ഇത് പൊടിയും വെള്ളവും പ്രതിരോധിക്കും. സുഖപ്രദമായ റൈഡിങ്ങിന് വിശാലമായ ലെവല്‍ ഫുട് ബോര്‍ഡാണ് റിവോട്ട് NX100-ല്‍ ഉള്ളത്.റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ പട്ടികയും വിപുലമാണ്. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ഇവിയില്‍ നല്‍കിയിരിക്കുന്നു. ഇത് വളരെ റൈഡര്‍ ഫ്രണ്ട്‌ലിയാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇത്കൂടാതെ റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറ സെന്‍സര്‍ പ്രവര്‍ത്തനക്ഷമമാക്കിയ ബൂട്ട് സ്റ്റോറേജ്, ഡാഷ് ക്യാമറ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഡാഷ് ക്യാമറ ലഭിക്കുന്ന ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഈ ഫീച്ചര്‍ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിലും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല സെന്‍സര്‍ ഓപ്പണിംഗ് ബൂട്ട് സ്റ്റോറേജ് ഫീച്ചറും മറ്റൊരു വാഹനത്തിലും നിങ്ങള്‍ കാണാനിടയില്ല. കാണാന്‍ അഴകിനൊപ്പം മറ്റ് ഇവികള്‍ക്ക് അവകാശപ്പെടാനില്ലാത്ത ചില ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് റിവോട്ട് NX100 വരുന്നത്. നവാഗതന്റെ വരവ് ഇലക്ട്രിക് ഇരുചക്രവാഹന ലോകത്ത് വലിയ വിപ്ലവം സൃഷ്ടിച്ചേക്കാന്‍ സാധ്യതയുണ്ട്. സ്‌റ്റൈലിനൊപ്പം 280 കിലോമീറ്റര്‍ റേഞ്ചും നല്‍കുന്നതിനാല്‍ രാജ്യത്തെ മുന്‍നിര ഇവി നിര്‍മാതാക്കളായ ഓലക്കും ഏഥറിനുമെല്ലാം കടുത്ത വെല്ലുവിളിയാകാന്‍ റിവോട്ട് NX100 ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. മാത്രമല്ല കാറുകളില്‍ കണ്ടുവരുന്ന ചില ഫീച്ചറുകളാണ് ഈ മെയിഡ് ഇന്‍ ഇന്ത്യ സ്‌കൂട്ടറിന്റെ പ്രത്യേകത.