ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ ‘പ്രത്യേക തീവ്രപരിഷ്‌കരണ’ത്തിലൂടെ 4.7 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് മാറ്റാൻ ആസൂത്രിതമായി നടക്കുന്ന ശ്രമത്തിനെതിരേ ദേശീയതലത്തിൽ ജനകീയപ്രക്ഷോഭം നടത്താൻ ആർജെഡി. വെള്ളിയാഴ്ച പട്നയിൽ ചേർന്ന ആർജെഡി ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പുകമ്മിഷനിൽ സമ്മർദംചെലുത്താനുള്ള പ്രക്ഷോഭം ദേശീയതലത്തിൽ ഏറ്റെടുക്കാൻ യോഗം ഇന്ത്യമുന്നണി കക്ഷികളോട് അഭ്യർഥിച്ചു. അത്യാവശ്യമല്ലാത്ത രേഖകൾ ആവശ്യപ്പെട്ടാണ് യഥാർഥവോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.
മറ്റുസംസ്ഥാനങ്ങളിൽ ജോലിക്കായി പോയവർക്കും ബിഹാറിലുള്ള പാവപ്പെട്ടവർക്കും ഈ നീക്കംമൂലം വോട്ടില്ലാതാവും. ഇതിനെതിരേ കടുത്ത ജനകീയസമ്മർദം ആവശ്യമാണെന്ന് ആർജെഡി ദേശീയ എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. യോഗത്തിൽ ബിഹാർ സംസ്ഥാന പ്രസിഡന്റ് മംഗലിലാൽ മണ്ഡൽ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ലാലുപ്രസാദ് യാദവ്, പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, എംപിമാരായ മനോജ് ഝാ, സഞ്ജയ് യാദവ്, കേരളത്തിൽനിന്നുള്ള ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, കെ.പി. മോഹനൻ എംഎൽഎ, വറുഗീസ് ജോർജ്, ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ, ഡോ. നീലലോഹിതദാസ്, വി. കുഞ്ഞാലി എന്നിവർ സംബന്ധിച്ചു.