പട്ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി. കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായപ്പോള്‍ ബിജെപിക്കാണ് ഗുണമുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഷിംലയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി പിക്നിക്കിലായിരുന്നുവെന്നും തിവാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു പാര്‍ട്ടി അങ്ങനെയാണോ ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ബീഹാറില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവാനന്ദ് തിവാരിയുടെ പ്രതികരണം.
’70 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും 70 പൊതു റാലികള്‍ പോലും നടത്തിയിട്ടില്ല. രാഹുല്‍ ഗാന്ധി 3 ദിവസം വന്നു, പ്രിയങ്ക ഗാന്ധി വന്നില്ല. ബീഹാറുമായി പരിചയമില്ലാത്തവരാണ് കോണ്‍ഗ്രസിനായി ഇവിടെയെത്തിയത്. ഇത് ശരിയായില്ല.’-തിവാരി പറഞ്ഞു.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. മഹാസഖ്യത്തിന് 110 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 75 സീറ്റുകള്‍ നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 125 സീറ്റുകളാണ് എന്‍ഡിഎ നേടിയത്.