കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളില്‍ യുഡിഎഫുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍എംപിഐ തീരുമാനം. ഒഞ്ചിയം ഏരിയ കമ്മറ്റിക്ക് കീഴിലെ ഏറാമല,ചോറോട്, അഴിയൂര്‍, ഒഞ്ചിയം എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കാന്‍ ആര്‍എംപിഐ ധാരണയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ഈ പഞ്ചായത്തുകളില്‍ ആര്‍എംപി യുഡിഎഫുമായി സഹകരിച്ചിരുന്നതെങ്കില്‍ ഇക്കുറി തെരഞ്ഞെടുപ്പിന് മുമ്പ് അത്തരമൊരു ധാരണയിലെത്തി അതിനനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താണ് തീരുമാനം.
യുഡിഎഫുമായി സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകള്‍ക്ക് പുറമെ വടകര മുനിസിപ്പാലിറ്റിയിലും എടച്ചേരിയിലും യുഡിഎഫുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. ജില്ല പഞ്ചായത്തിലേക്ക് അഴിയൂര്‍ ഡിവിഷനില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് യുഡിഎഫില്‍ നേരത്തെ തന്നെ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ തവണ ആര്‍എംപിഐ സ്വതന്ത്രമായിട്ടായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് യുഡിഎഫുമായി ധാരണയുണ്ടാക്കി ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളിലും ഭരണത്തില്‍ പങ്കാളികളായത്.
പിന്നീട് എല്‍ജെഡി യുഡിഎഫില്‍ നിന്ന് പുറത്തുപോയതോടെയാണ് ഒഞ്ചിയം ഒഴികെയുള്ള മൂന്ന് പഞ്ചായത്തുകളുടെ ഭരണ സമിതിയില്‍ നിന്നും ആര്‍എംപി പുറത്തായത്. എന്നാല്‍ ഇത്തവണ ആ സമീപനം വേണ്ട എന്നാണ് ധാരണ. ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് ഇരു കൂട്ടരും ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. എത്ര സീറ്റുകള്‍, എവിടെയൊക്കെ മത്സരിക്കണം എന്ന കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആര്‍എംപി സ്വതന്ത്രമായി മത്സരിച്ച ഘട്ടത്തില്‍ ചിലയിടത്തെങ്കിലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകുകയും അതുവഴി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു.
ഇത്തവണ അതുണ്ടാകില്ലെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ചെലവില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ ജയിക്കേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്ന തരത്തിലായിരിക്കും ഈ തവണ തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മേഖലകളില്‍ നിന്ന് എല്‍ഡിഎഫിനെ മാറ്റി നിര്‍ത്താന്‍ യുഡിഎഫുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് ആര്‍എംപിഐ നേരത്തെ പ്ര്യഖ്യാപിച്ചതാണ്. നേരത്തെ വടകര പാര്‍ലമെന്റ് ഇലക്ഷനില്‍ കെ മുരളീധരന് വേണ്ടി പരസ്യമായി പ്രചരണ രംഗത്ത് ആര്‍എംപിയുമുണ്ടായിരുന്നു.
അതേ സമയം തൃശൂര്‍ ജില്ലയില്‍ ആര്‍എംപിക്ക് സ്വാധീനമുള്ള കുന്ദംകുളം നഗരസഭയിലും തളിക്കുളം പഞ്ചായത്തിലും ഇതുവരെയും ധാരണയിലെത്താന്‍ യുഡിഎഫിനും ആര്‍എംപിക്കുമായിട്ടില്ല. ഈ രണ്ടിടങ്ങളിലും പഴയതുപോലെ സ്വതന്ത്രമായി മത്സരിക്കാനാന്‍ തന്നെയാണ് ഇപ്പോഴുള്ള തീരുമാനം. കഴിഞ്ഞ തവണ മൂന്ന് സീറ്റുകള്‍ ലഭിച്ച കുന്ദംകുളം നഗരസഭയില്‍ ഇക്കുറിയും തനിച്ച് മത്സരിക്കാനാണ് കുന്ദംകുളത്തെ പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.
എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫുമായി ചേര്‍ന്ന് ഭരണ സമിതിയുണ്ടാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ യുഡിഎഫുമായി സഹകരിക്കാമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. ഒരു സീറ്റുള്ള തളിക്കുളത്തും യുഡിഎഫുമായി ചര്‍ച്ചകളോ ധാരണകളോ ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ അറിയിക്കുന്നു.